മാൻകൊമ്പും കുറുക്കന്റെ രോമവും വിൽക്കാൻ ശ്രമിച്ചെന്ന കേസിൽ അഞ്ച് പേർ അറസ്റ്റിൽ

Spread the love

നെയ്യാറ്റിൻകര : മാൻകൊമ്പും കുറുക്കന്റെ രോമവും വിൽക്കാൻ ശ്രമിച്ചെന്ന കേസിൽ അഞ്ചുപേരെ പരുത്തിപ്പള്ളി വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര അറക്കുന്ന് ഭാഗത്തെ ലൂണാ ജ്യൂസ് ഷോപ്പിൽ വച്ച് വന്യജീവി അവശിഷ്ടങ്ങൾ കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായതെന്ന് വനംവകുപ്പ് അറിയിച്ചു.നെയ്യാറ്റിൻകര അരുവിപ്പുറം ഇരുമ്പിൽ എസ്.എസ്. ഭവനിൽ ജിംഷിൻ (32), എറണാകുളം ചിലവന്നൂർ സൗത്ത് വലിയതറ വീട്ടിൽ ജയൻ (57), എറണാകുളം വടുതല ബ്രിഡ്ജ് റോഡ് വലിയതറ വീട്ടിൽ മനോജ് (50), കോട്ടയം ഏറ്റുമാനൂർ പൊട്ടൻചാടി വീട്ടിൽ പി.ബി. ചെറിയാൻ (51), മാരായമുട്ടം കൈക്കോട്ടുകുഴി അയന വിഹാറിൽ ഷിജുലാൽ (42) എന്നിവരാണ് അറസ്റ്റിലായത്.വനംവകുപ്പിന്റെ ചോദ്യം ചെയ്യലിൽ കുറുക്കന്റെ രോമം ആഭിചാരക്രിയകൾക്കായി ഉപയോഗിക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് പ്രതികൾ പറഞ്ഞതായാണ് വിവരം. വന്യജീവി സംരക്ഷണ നിയമം അനുസരിച്ചാണ് വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് വന്യജീവി അവശിഷ്ടങ്ങളുടെ ഉറവിടം, ഇവ വിൽക്കാൻ ശ്രമിച്ചതിന് പിന്നിലെ ലക്ഷ്യം, കൂടുതൽ ആളുകൾക്ക് ഇതുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വനംവകുപ്പ് അന്വേഷണം തുടരുകയാണ്.കേസിലെ ഒന്നാം പ്രതിയായ ജിംഷിൻ നെയ്യാറ്റിൻകര നഗരസഭയിലെ ഇരുമ്പിൽ വാർഡിലെ യു.ഡി.എഫ് കൗൺസിലർ ഭർത്താവാണെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.റേഞ്ച് ഓഫീസർ വിപിൻ ചന്ദ്രൻ വി., ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽകുമാർ, എസ്.എഫ്.ഒ രാഹുൽ സിംഗ്, ജിജിമോൻ, ബി.എഫ്.ഒമാരായ മായ, രമ്യ, സുകന്യ, കാവ്യ, രാജേഷ്, സുരേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.അറസ്റ്റിലായ പ്രതികളെ വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *