കെ.വി.തോമസ് ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി; കാബിനറ്റ് റാങ്കും
തിരുവനന്തപുരം ∙ മുൻ കോൺഗ്രസ് നേതാവ് കെ.വി. തോമസിനെ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കാബിനറ്റ് റാങ്കോടെയാണ് നിയമനം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുൻ എംപി സമ്പത്തിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു.മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസിനെ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് കോൺഗ്രസിൽനിന്ന് പുറത്താക്കിയിരുന്നു. തൃക്കാക്കര മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തതിനു പിന്നാലെയായിരുന്നു നടപടി. കോൺഗ്രസിന്റെ വിലക്കു ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിനെ തുടർന്നാണ് കെ.വി.തോമസ് പാർട്ടിയുമായി അകലുന്നത്.2021 സെപ്റ്റംബർ 15ന് നെതർലൻഡ്സ് മുൻ അംബാസിഡർ വേണു രാജാമണിയെ ഡൽഹിയിലെ കേരള സർക്കാരിന്റെ ഓഫിസർ ഓൺ ltmസെപ്ഷൽ ഡ്യൂട്ടിയായി നിയമിച്ചിരുന്നു. 2022 സെപ്റ്റംബർ 17ന് സേവന കാലാവധി ഒരു വർഷത്തേക്ക് നീട്ടി.