ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ ഇസ്രായേൽ സ്വാധീനിച്ചതായി അന്താരാഷ്ട്ര അന്വേഷണ റിപ്പോർട്ട്
ന്യൂയോര്‍ക്ക് | ഇന്ത്യയടക്കം 30ലേറെ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളെ ഇസ്‌റാഈല്‍ സംഘം വ്യാപകമായി സ്വാധീനിച്ചതായി അന്താരാഷ്ട്ര അന്വേഷണ റിപ്പോര്‍ട്ട്. ടീം ജോര്‍ജ് എന്ന കോഡ്ഭാഷയിലുള്ള ഇസ്‌റാഈലി കരാറുകാരുടെ സംഘമാണ് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും തിരഞ്ഞെടുപ്പുകളെ സ്വാധീനിച്ചത്. ഹാക്കിംഗ്, അട്ടിമറി, സാമൂഹിക മാധ്യമങ്ങളിൽ വ്യാജവിവരങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയവയിലൂടെയാണ് തിരഞ്ഞെടുപ്പ് വിധിയെ അട്ടിമറിക്കാന്‍ ശ്രമിച്ചത്. മുന്‍ ഇസ്‌റാഈലി സ്‌പെഷ്യല്‍ ഫോഴ്‌സ് അംഗം 50കാരനായ തല്‍ ഹനാനാണ് ഈ സംഘത്തിന്റെ മേധാവി. ഇടപാടുകാരെന്ന വ്യാജേന മൂന്ന് റിപ്പോര്‍ട്ടര്‍മാര്‍ ടീം ജോര്‍ജിനെ സമീപിക്കുകയും സംഭാഷണങ്ങളും മറ്റും രഹസ്യക്യാമറയില്‍ പകര്‍ത്തുകയുമായിരുന്നു. സ്റ്റിംഗ് ഓപറേഷന്റെ വിവരങ്ങള്‍ ബ്രിട്ടീഷ് പത്രം ദി ഗാര്‍ഡിയന് ഇവര്‍ നല്‍കുകയും ചെയ്തു. ദി ഗാര്‍ഡിയന്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലെ മോണ്ടെ, ദെര്‍ സ്പീജല്‍, എല്‍ പെയ്‌സ് അടക്കമുള്ള 30 മാധ്യമസ്ഥാപനങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ അടങ്ങുന്ന മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ടീം ജോര്‍ജിനെതിരെ അന്വേഷണം നടത്തിയത്. ഇസ്‌റാഈലി ചാര സോഫ്റ്റ് വെയര്‍ പെഗാസസ് ഉപയോഗിച്ച് ലോകത്തെ നിരവധി സര്‍ക്കാറുകള്‍ സാമൂഹിക പ്രവര്‍ത്തകരുടെയും മാധ്യമപ്രവര്‍ത്തരുടെയും രാഷ്ട്രീയനേതാക്കളുടെയും ഫോണ്‍ വിവരങ്ങളും മറ്റും ചോര്‍ത്തിയിരുന്നു. ഇസ്‌റാഈലില്‍ നിന്ന് ഇന്ത്യയും പെഗാസസ് വാങ്ങിയതായി ന്യൂയോര്‍ക്ക് ടൈംസ്.