വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനം:സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ആദ്യ ഗഡു,345 കോടി കൈമാറി

Spread the love

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസന പദ്ധതിയുടെ ഭാഗമായ റോഡ് വികസന പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിലേക്ക് കിഫ്ബി അനുവദിച്ച ഒന്നാം ഗഡു തുകയായ 345 കോടി രൂപ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വി.കെ.പ്രശാന്ത് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന് കൈമാറി.പദ്ധതിയുടെ എസ്.പി.വിയായ കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജീജാ ബായ് ആണ് ചെക്ക് കൈമാറിയത്.ബന്ധപ്പെട്ടയാളുകള്‍ക്ക് നഷ്ടപരിഹാരം നല്‍കി ഭൂമിയേറ്റെടുക്കല്‍ നടപടി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് എം.എല്‍.എ പറഞ്ഞു. പദ്ധതിക്കായി നേരത്തെ നിശ്ചയിച്ചിരുന്ന 341.79 കോടി രൂപ പുനര്‍ നിര്‍ണ്ണയിച്ച് 660 കോടി രൂപയുടെ ഭരണാനുമതി കിഫ്ബിയില്‍ നിന്നും ലഭ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി ധനസഹായത്തോടെയുള്ള വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസന പദ്ധതി രണ്ട് ഭാഗങ്ങളായാണ് നടപ്പിലാക്കുന്നത്.വട്ടിയൂര്‍ക്കാവ് ജംഗ്ഷന്റെയും അനുബന്ധ റോഡുകളുടെയും വികസനം പൊതുമരാമത്ത് വകുപ്പിന്റെയും ഒഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം തദ്ദേശസ്വയംഭരണ വകുപ്പിന്റെയും പദ്ധതികളാണ്.കേരള റോഡ് ഫണ്ട് ബോര്‍ഡും ട്രിഡയുമാണ് എസ്.പി.വികള്‍. ശാസ്തമംഗലം-വട്ടിയൂര്‍ക്കാവ്-പേരൂര്‍ക്കട റോഡ് മൂന്നു റീച്ചുകളിലായി 10.75 കിലോമീറ്റര്‍ ദൂരം 18.5 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിനും റോഡ് വികസനത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനും ചേര്‍ത്തുള്ള സമഗ്ര പദ്ധതിയാണിത്.മൂന്നു റീച്ചുകളിലെയും സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു.സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട റവന്യൂ നടപടികള്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കും.പുനരധിവാസ പദ്ധതിയുടെ 19(1)നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചു.പേരൂര്‍ക്കട വില്ലേജിലെ 0.9369 ഹെക്ടര്‍ ഭൂമിയാണ് പുനരധിവാസ പദ്ധതിക്കായി ഏറ്റെടുക്കുന്നത്. വസ്തു ഏറ്റെടുക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരമായി നല്‍കേണ്ട 60.8 കോടി നേരത്തെ തന്നെ ജില്ലാ കളക്ടര്‍ക്ക് കൈമാറിയിരുന്നു.പുനരധിവാസ പുനഃസ്ഥാപന പാക്കേജിന്റെ ഭാഗമായി 28,94,000 രൂപ വകയിരുത്തിയിട്ടുണ്ട്.പുനരധിവാസ പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. വട്ടിയൂര്‍ക്കാവില്‍ വര്‍ഷങ്ങളായുള്ള ഗതാഗതക്കുരുക്കിനും മറ്റു പ്രശ്‌നങ്ങള്‍ക്കും പരിഹാരമെന്ന നിലയിലാണ് ജംഗ്ഷന്‍ വികസനത്തിന് സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ചത്. ചടങ്ങില്‍ നഗരസഭാ കൗണ്‍സിലര്‍ പി.ജമീല ശ്രീധരന്‍, ട്രിഡ ചെയര്‍മാന്‍ കെ.സി വിക്രമന്‍,ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനാവശ്യമായ നടപടികള്‍ വേഗത്തിലാക്കാന്‍ തുടര്‍ന്നു ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *