ബയോ മൈനിങ് പ്രവൃത്തി വിലയിരുത്തി മന്ത്രി എം ബി രാജേഷ്

Spread the love

കുപ്പക്കാട് എന്നറിയപ്പെട്ട പാലക്കാട് കൂട്ടുപാതയിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിൽ ആരംഭിച്ച ബയോ മൈനിങ് പ്രവൃത്തി നേരിലെത്തി വിലയിരുത്തിയ കാര്യം പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്. അനവധി വർഷം കൊണ്ട് നിക്ഷേപിക്കപ്പെട്ട 70849 മെട്രിക് ടൺ ലെഗസി വേസ്റ്റാണ് കൂട്ടുപാതയിൽ ഉണ്ടായിരുന്നത് എന്നും മന്ത്രി പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

കഴിഞ്ഞ ഒരു മാസം കൊണ്ട് ഇതിൽ 8987.94 മെട്രിക് ടൺ മാലിന്യം ബയോമൈനിങ്ങിലൂടെ ശാസ്ത്രീയമായി ഇവിടെ നിന്ന് നീക്കം ചെയ്തിട്ടുണ്ട് എന്നും ഈ മെയ് മാസത്തിനുള്ളിൽ ബയോമൈനിങ് പൂർത്തിയാക്കി ഈ പ്രദേശം വീണ്ടെടുക്കാനാകുമെന്നാണ് കണക്കുകൂട്ടൽ എന്നും അദ്ദേഹം പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. കേരള ഖര മാലിന്യ പരിപാലന പദ്ധതിയാണ് പാലക്കാടെ ബയോമൈനിംഗ് പ്രവർത്തനം നിർവ്വഹിക്കുന്നത്. മാലിന്യക്കൂനകൾ ഇല്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് നാം കുതിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ 24 വലിയ മാലിന്യക്കൂനകൾ ഇതിനകം തന്നെ ബയോമൈനിംഗ് വഴി പൂർണമായും നീക്കം ചെയ്ത് ആ സ്ഥലം നാം വീണ്ടെടുത്തിട്ടുണ്ട്. ഇതിന് പുറമെ ബ്രഹ്മപുരം ഉൾപ്പെടെ പത്ത് കേന്ദ്രങ്ങളിലെ പ്രവർത്തനം അന്തിമഘട്ടത്തിലാണ് എന്നും മാലിന്യമുക്തമായ നവകേരളത്തിലേക്ക് നമുക്ക് യോജിച്ച് മുന്നേറാം എന്നും മന്ത്രി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *