സ്‌കോട്‌ലന്‍ഡ് ഭരണാധികാരി നിക്കൊള സ്റ്റര്‍ജന്‍ രാജിവെച്ചു
എഡിന്‍ബറ: സ്‌കോട്‌ലന്‍ഡിന്റെ ഭരണാധികാരിയായ (ഫസ്റ്റ് മിനിസ്റ്റര്‍) നിക്കൊള സ്റ്റര്‍ജന്‍ ബുധനാഴ്ച അപ്രതീക്ഷിതമായി രാജിപ്രഖ്യാപിച്ചു. 2014 മുതല്‍ സ്‌കോട്‌ലന്‍ഡിന്റെ ഫസ്റ്റ് മിനിസ്റ്ററാണ് അവര്‍.തന്റെ പാര്‍ട്ടിയായ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി (എസ്.എന്‍.പി.) പുതിയ നേതാവിനെ കണ്ടെത്തുവോളം ഫസ്റ്റ് മിനിസ്റ്ററായി തുടരുമെന്ന് അവര്‍ പറഞ്ഞു. 2026ല്‍ നടക്കുന്ന അടുത്ത തിരഞ്ഞെടുപ്പുവരെ എം.പി.യായും തുടരും.സ്‌കോട്‌ലന്‍ഡിന്റെ ഭരണാധികാരിയാകുന്ന ആദ്യ വനിതയാണ് 52 വയസ്സുള്ള സ്റ്റര്‍ജന്‍. അധികാരമേറ്റപ്പോള്‍മുതല്‍ ബ്രിട്ടനില്‍നിന്ന് സ്‌കോട്‌ലന്‍ഡിനെ വേര്‍പെടുത്തി സ്വതന്ത്രരാജ്യമാക്കാനുള്ള ശ്രമത്തിലായിരുന്നു അവര്‍. എന്നാല്‍, ഇതിനായി നടത്തിയ ഹിതപരിശോധനയില്‍ ഭൂരിഭാഗം സ്‌കോട്‌ലന്‍ഡുകാരും ബ്രിട്ടനില്‍ തുടരുന്നതിനെ അനുകൂലിക്കുകയാണ് ചെയ്തത്. വീണ്ടുമൊരു ഹിതപരിശോധന നടത്താനുള്ള അവരുടെ നീക്കത്തിന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുമതി കിട്ടിയതുമില്ല. മാത്രമല്ല, സ്വതന്ത്രരാജ്യമാകുന്നതില്‍ സ്‌കോട്‌ലന്‍ഡുകാര്‍ക്ക് താത്പര്യമില്ലെന്നു കാണിക്കുന്ന അഭിപ്രായസര്‍വേകളും പുറത്തുവന്നു.എന്നാല്‍, തന്റെ തന്ത്രങ്ങള്‍ വിജയിക്കാത്തതിനെത്തുടര്‍ന്നുള്ള സമ്മര്‍ദമല്ല രാജിക്കുകാരണമെന്ന് സ്റ്റര്‍ജന്‍ പറഞ്ഞു. നീണ്ടനാളത്തെ ആലോചനയ്ക്കുശേഷമാണ് രാജിവെക്കാന്‍ തീരുമാനിച്ചതെന്നും രാഷ്ട്രീയക്കാരി എന്നതുപോലെ താന്‍ ഒരു മനുഷ്യനുമാണെന്നും ബുധനാഴ്ച രാജിപ്രഖ്യാപിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു.