കാൺപൂരിൽ ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ചക്കൂട്ടത്തിന്‍റെ ആക്രമണം: അമ്പയർക്ക് കുത്തേറ്റ് ദാരുണാന്ത്യം; നിരവധി പേർക്ക് പരുക്ക്
ഉത്തർപ്രദേശിലെ കാൺപൂരിൽ ക്രിക്കറ്റ് മത്സരത്തിനിടെ ഗ്രൗണ്ടിലേക്കെത്തിയ തേനീച്ചക്കൂട്ടത്തിന്‍റെ കുത്തേറ്റ് അമ്പയർക്ക് ദാരുണാന്ത്യം. മത്സരം കാണാനെത്തിയ നിരവധി പേർക്കും തേനീച്ചകളുടെ കുത്തേറ്റ് പരുക്കേറ്റു. കാൺപൂർ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മണിക് ഗുപ്തയാണ് തേനീച്ചകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇദ്ദേഹത്തെ രക്ഷിക്കാനായില്ല.
ഏകദേശം 30 വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുന്ന ഗുപ്ത നിരവധി ശ്രദ്ധേയമായ പ്രാദേശിക മത്സരങ്ങളിൽ അമ്പയറായിരുന്നു. അണ്ടർ 13 ക്രിക്കറ്റ് മത്സരം അമ്പയർ ചെയ്യുന്നതിനിടെയായിരുന്നു തേനീച്ചകളുടെ ആക്രമണം. സംഭവത്തിൽ മറ്റൊരു അമ്പയർ ജഗദീഷ് ശർമ്മയ്ക്കും പരുക്കേറ്റു. എന്നാൽ, അദ്ദേഹവും പരുക്കേറ്റ മറ്റുള്ളവരും അപകടനില തരണം ചെയ്‌തിട്ടുണ്ട്.2019-ൽ തിരുവനന്തപുരത്തും സമാനമായി ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമണം നടന്നിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്ത്യ യും ഇംഗ്ലണ്ട് ലയൺസും തമ്മിൽ നടക്കേണ്ടിയിരുന്ന ഏകദിന മത്സരം സ്റ്റേഡിയത്തിൽ തേനീച്ചകൾ ആളുകളെ ആക്രമിച്ചതിനെ തുടർന്ന് നിർത്തി വയ്ക്കേണ്ടിവന്നു. പലർക്കും കുത്തേറ്റെങ്കിലും ആർക്കും ജീവൻ നഷ്ടപ്പെട്ടില്ല.

