തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ളകേന്ദ്രനീക്കത്തിനെതിരെ പ്രതിഷേധിക്കുക : കെ എസ് കെ ടി യു
യ
തിരുവനന്തപുരം : രാജ്യത്തെ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് ആശ്വാസമേകുന്ന മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെ തകർത്ത്, വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) ബിൽ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ദുർബല ജനവിഭാഗങ്ങളോടുള്ള വെല്ലുവിളിയാണെന്നും അതിനെതിരായി ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പനും ജനറൽ സെക്രട്ടറി എൻ ചന്ദ്രനും പ്രസ്താവനയിൽ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിലൂടെ ആശ്വാസം ലഭിച്ചിരുന്ന ജനവിഭാഗങ്ങൾ സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരാണ്. അവരെ ജാതീയമായും തൊഴിൽപരമായും അടിച്ചമർത്തുന്ന മനോഭാവവുമായി നിലകൊള്ളുന്ന സവർണബ്രാഹ്മണ്യ വർഗീയ പ്രത്യയശാസ്ത്രമാണ് കേന്ദ്ര സർക്കാരിനെ നയിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി വഴി പാവങ്ങൾക്ക് തൊഴിലും കൂലിയും ലഭിക്കുമ്പോൾ തങ്ങളുടെ ചൊൽപ്പടിക്ക് ലഭിക്കില്ലെന്നത് കൊണ്ടാണ് കേന്ദ്ര സർക്കാരിനെ ഉപയോഗിച്ച് തൊഴിലുറപ്പ് പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്നത്.ഒരു തൊഴിലാളി തൊഴിൽ ആവശ്യപ്പെടുമ്പോൾ അത് ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിന് ബാധ്യതയുണ്ടെന്നുള്ള തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന ഘടനയെതന്നെ തകർക്കുന്നതാണ് ബി ജെ പി സർക്കാർ കൊണ്ടുവരുന്ന പുതിയ ബില്ല്. ഈ പദ്ധതി നാടിന്റെ താഴേതട്ടിലുള്ള പാവങ്ങൾക്ക് ഉപകാരപ്രദമാവുന്നത് ഗ്രാമസഭകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൃത്യമായ മോണിറ്ററിംഗ് നടത്തുന്നതിലൂടെയായിരുന്നു. ഈ രീതി മാറ്റി ബയോമെട്രിക്, ജിയോ ടാഗിംഗ്, എഐ ഓഡിറ്റ് തുടങ്ങിയ സാങ്കേതിക വഴികളിലൂടെ തൊഴിലാളികൾ തങ്ങളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്നാണ് പുതിയ നിയമം പറയുന്നത്. ഈ നിബന്ധനയിലൂടെ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളായ വലിയ വിഭാഗം പാവങ്ങളെ പദ്ധതിയിൽ നിന്ന് പുറന്തള്ളാനാണ് സംഘപരിവാർ ഭരണകൂടം ശ്രമിക്കുന്നത്. തൊഴിലാളികൾക്കുള്ള കൂലി ഉൾപ്പെടെ എല്ലാ ചിലവുകളും കേന്ദ്രഫണ്ടിലൂടെ നിറവേറ്റുന്ന പദ്ധതിയായിരുന്നു തൊഴിലുറപ്പ്. എന്നാൽ, പുതിയ നിയമത്തിലൂടെ പദ്ധതിയുടെ 40ശതമാനം സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങളുടെ ചുമലിലാക്കിയിരിക്കുന്നു. ഇതുവഴി കേരളത്തിനുണ്ടാവുക 2500 കോടി രൂപയുടെ അധിക ബാധ്യതയാവും. മാത്രമല്ല, സംസ്ഥാനത്തിന് കേന്ദ്രസർക്കാർ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്ന ഫണ്ടിനകത്ത് ലഭിക്കുന്ന തൊഴിൽ ദിനങ്ങളായി പദ്ധതി ചുരുങ്ങും. അതിൽ രാഷ്ട്രീയ വിദ്വേഷങ്ങൾ പ്രതിഫലിക്കുമെന്നതുറപ്പാണ്. കേരളത്തിന് തൊഴിലുറപ്പ് പദ്ധതി ഇനത്തിൽ കേന്ദ്രം നൽകാനുള്ള കുടിശ്ശിക 527.69 കോടിയാണ്. വൈര്യനിര്യാതന ബുദ്ധിയോടെ കേരള സർക്കാരിനെ നോക്കി കാണുന്ന കേന്ദ്രം കുടിശ്ശിക തീർത്ത് നൽകാൻ തയ്യാറാവണം. തൊഴിലുറപ്പ് നിയമം അനുശാസിച്ച് കേന്ദ്ര തൊഴിലുറപ്പ് കൗൺസിൽ രൂപീകരിക്കണമെന്നുണ്ട്. അതിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടേയും സ്ത്രീകളുടേയും പ്രാധിനിത്യം ഉറപ്പാക്കേണ്ടതുണ്ട്. എന്നാൽ, പുതിയ നിയമത്തിലൂടെ സംവരണ മാനദണ്ഡം എടുത്തുകളയുകയാണ് ചെയ്യുന്നത്. ഗ്രാമീണർക്ക് ജീവിതം നിഷേധിക്കുന്ന നയങ്ങളുമായി വെല്ലുവിളിയോടെ മുന്നോട്ടുപോവുന്ന കേന്ദ്ര സർക്കാരിനെ നിലക്ക് നിർത്താൻ എല്ലാ ജനാധിപത്യവാദികളും മുന്നോട്ടുവരേണ്ടതുണ്ടെന്ന് കെ എസ് കെ ടി യു ഭാരവാഹികൾ അഭ്യർത്ഥിച്ചു.

