യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വിബിത ബാബുവിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്
പത്തനംതിട്ട: തിരുവല്ല മല്ലപ്പള്ളി യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വിബിത ബാബുവിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്. കോട്ടയം കടുത്തുരുത്തി സ്വദേശിയായ അമേരിക്കൻ പ്രവാസിയാണ് പരാതി നല്‍കിയത്. ഇയാളെ കബളിപ്പിച്ച് 14 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.വിദേശത്ത് ജോലി ചെയ്യുന്ന തന്നെ കബളിപ്പിച്ചെന്നും പല തവണകളിലായി 14 ലക്ഷം രൂപ വിബിതയ്ക്ക് അയച്ചുകൊടുത്തെന്നുമാണ് പരാതിയില്‍ പറയുന്നത്. വിബിതക്ക് പണം അയച്ച് നല്‍കിയതിന്‍റെ തെളിവുകളും പരാതിക്കാരന്‍ സമര്‍പ്പിച്ചിട്ടുണ്ട്. എറണാകുളത്തെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് വിബിത തന്നെ പരിചയപ്പെട്ടതും പിന്നീട് സൗഹൃദത്തിലായതെന്നും ഇയാള്‍ പറയുന്നു.കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ സമയത്ത് വിബിത പണം ആവശ്യപ്പെട്ടെന്നും ഇതനുസരിച്ച് വിബിതയുടെയും പിതാവിന്‍റെയും പേരില്‍ പണം കൈമാറിയെന്നും പരാതിക്കാരന്‍ പറയുന്നു. എന്നാല്‍ പണം തിരികെ ആവശ്യപ്പെട്ടിട്ടും നല്‍കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. അതേസമയം പരാതിക്കാരനായ പ്രവാസിക്കെതിരെ വിബിതയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വക്കീല്‍ ഓഫിസില്‍ കയറി വന്ന് തന്നെ ആക്രമിച്ചെന്നാണ് വിബിതയുടെ പരാതി.ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രവാസിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്ലപ്പള്ളി ഡിവിഷനില്‍ നിന്ന് ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ച് വിബിത പരാജയപ്പെട്ടിരുന്നു. മോഡേൺ വസ്ത്രങ്ങൾ അണിഞ്ഞ് പ്രചരണം നടത്തിയ വിബിത അന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. നിലവില്‍ മഹിള കോണ്‍ഗ്രസ് പത്തനംതിട്ട ജില്ല ജനറല്‍ സെക്രട്ടറിയാണ് വിബിത ബാബു.