അതുലിന് റെക്കോഡ് ഗോൾഡൺ ഡബിൾ
സംസ്ഥാന സ്കൂൾ ഒളിമ്പിക്സിന്റെ ജൂനിയർ ബോയ്സ് 100 മീറ്റർ മത്സരത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച ആലപ്പുഴയിലെ ഗവൺമെൻറ് ഡി.വി.എച്ച്.എസ്.എസ്. ചാരമംഗലം സ്കൂളിലെ അതുൽ റ്റി. എം., സ്കൂൾ ഒളിമ്പിക്സിന്റെ നാലാം ദിവസം നടന്ന 200 മീറ്റർ ജൂനിയർ ബോയ്സ് മത്സരത്തിലും വിസ്മയമായി. 2017- ൽ അഭിനവ് സി. സായ് സൃഷ്ടിച്ച എട്ടു വർഷമായി നിലനിന്നിരുന്ന 22.28 സെക്കൻഡ്സ് മറികടന്ന് 21.87 സെക്കൻഡ്സ് എന്നൊരു പുതിയ റെക്കോഡാണ് ഇന്ന് സൃഷ്ടിച്ചത്. അതുലിൻ്റെ കൂടെ രണ്ടും മൂന്നും സ്ഥാനം നേടിയവർ ആകട്ടെ ഒട്ടും പുറകിലല്ല. രണ്ടാം സ്ഥാനം നേടിയ കോട്ടയത്ത് നിന്നും വന്ന ശ്രീഹരി സി. ബിനു 22.09 എന്നൊരു പുതിയ സമയവും അതോടൊപ്പം മൂന്നാം സ്ഥാനം നേടിയ പാലക്കാടിൻ്റെ സിനിൽ എസ് 22.14 എന്ന സമയവും കണ്ടെത്തി. വലതുകാലിൽ ഉണ്ടായിരുന്ന പരിക്കിനെ പരിഗണിച്ച്, കാലിന് അധികം സമ്മർദ്ദം നൽകാതിരിക്കാനായി 110 മീറ്റർ ജൂനിയർ ബോയ്സ് ഹർഡിൽസ് മത്സരത്തിൽ നിന്നും അതുൽ സ്വമേധയാ പിൻവാങ്ങിയിരുന്നു. ആ സമയവും തൻറെ പ്രധാന ഇനങ്ങളിൽ ഒന്നായ 200 മീറ്ററിന്റെ പരിശീലനത്തിനായി ഉപയോഗിക്കുകയായിരുന്നു അതുൽ.

