ഉണങ്ങാതിരിക്കുന്ന വായ്പുണ്ണിനെ നിസ്സാരമാക്കല്ലേ; ലക്ഷണം ഓറൽ കാൻസറിന്റേതാകാം, തടയാൻ എന്താണ് മാർഗം…?
കവിളിന്റെ ഉൾവശത്ത് അബദ്ധത്തിൽ കടിക്കുന്നതിനാലോ എരിവുള്ള ഭക്ഷണം കഴിക്കുന്നതിലൂടെയോ ഉണ്ടാകുന്ന ചെറിയ അസ്വസ്ഥത എന്ന നിലയിലാണ് നാം വായ്പ്പുണ്ണിനെ കാണാറുള്ളത്. ഈ അസ്വസ്ഥത ഏതാനും ദിവസങ്ങൾക്കുള്ളിൽ ഭേദമാകുമെന്നും ആളുകൾ പ്രതീക്ഷിക്കുന്നു. എന്നാൽ, ഈ വിഷയം മറ്റൊരു ഗുരുതര രോഗാവസ്ഥയുടെ ആദ്യസൂചനയാകാമെന്നാണ് ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ നഗരങ്ങളിൽ കാൻസർ വർധിച്ചുവരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. വായിലെ കാൻസറുമായി ബന്ധപ്പെട്ട് ആദ്യം കാണാൻ കഴിയുന്ന മുന്നറിയിപ്പുകളിൽ ഒന്നാണ് വായയുടെ ഉള്ളിലോ ചുണ്ടുകളിലോ ഉണ്ടാകുന്ന ഉണങ്ങാത്ത വ്രണമെന്നും മുന്നറിയിപ്പുണ്ട്.വായയിൽ തുടർച്ചയായുണ്ടാകുന്ന വ്രണങ്ങളും വെളുത്തതോ ചുവന്നതോ ആയ പാടുകളും ഓറൽ സ്ക്വാമസ് സെൽ കാർസിനോമയുടെ ആദ്യ സൂചകങ്ങളാണെന്ന് Journal of Oral Biology and Craniofacial Research-ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഈ പ്രശ്നം രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. വേദനയില്ലാത്തതുകൊണ്ടോ ചെറുതായതിനാലോ പലരും ഈ ലക്ഷണങ്ങളെ അവഗണിക്കുന്നു.*എന്താണ് ഓറൽ കാൻസർ…?*വായിലെ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച്, പ്രത്യേകിച്ച് സ്ക്വാമസ് സെൽസ് വളരുന്നതിനെ വായിലെ ക്യാൻസർ എന്ന് വിശേഷിപ്പിക്കുന്നു. ചുണ്ടു മുതൽ ടോൺസിൽ (തൊണ്ടയുടെ ഭാഗം )വരെയുള്ള ഭാഗങ്ങളിലോ ഉള്ളതും വായിലെ കാൻസറായാണ് അറിയപ്പെടുന്നത്.

