സി.പി.എം നേതാവ് പി.കെ.ശശിയെ രൂക്ഷമായി വിമര്‍ശിച്ച് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍

Spread the love

പാലക്കാട്: പാലക്കാട് മേഖലാ റിപ്പോര്‍ട്ടിങ്ങില്‍ സി.പി.എം നേതാവ് പി.കെ.ശശിയെ രൂക്ഷമായി വിമര്‍ശിച്ച് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ശശി ചെയ്തത് നീചമായ പ്രവൃത്തിയെന്നായിരുന്നു വിമര്‍ശനം. സാമ്പത്തിക തട്ടിപ്പുകള്‍ക്ക് പുറമെ, ജില്ലാ സെക്രട്ടറിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശശി ശ്രമിച്ചെന്നും ഇതിന് ഒരു മാധ്യമപ്രവര്‍ത്തകനുമായി ഗൂഢാലോചന നടത്തിയെന്നതുമടക്കം ഗുരുതര ആരോപണങ്ങളും ഗോവിന്ദന്‍ ഉന്നയിച്ചു.പാര്‍ട്ടിയില്‍നിന്ന് ഒഴിവാക്കേണ്ട പ്രവൃത്തികളാണ് ശശി ചെയ്തത്. എന്നാല്‍ ഒരു മുതിര്‍ന്ന അംഗമെന്ന പരിഗണന നല്‍കിയാണ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. ഇത് ശശിക്ക് സ്വയം തെറ്റുതിരുത്താനുള്ള നടപടിയാണെന്നും അത് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.വി.ഗോവിന്ദന്‍ തിങ്കളാഴ്ച നടന്ന മേഖല റിപ്പോര്‍ട്ടിങ്ങില്‍ പറഞ്ഞു.ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി.കെ. ശശിയെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടിസ്ഥാനങ്ങളില്‍നിന്നും നീക്കാന്‍ സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം നേരത്തേ തീരുമാനിച്ചിരുന്നു. മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ പ്രവര്‍ത്തനങ്ങളിലും ഇതിലേക്ക് പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളില്‍നിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്നുള്ള ആരോപണങ്ങളാണ് ശശിക്കെതിരേ ഉയര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *