കേരളത്തിലെ യുവത ഒന്നടങ്കം പറയും വന്ദേ ഭാരതാണ് അടിപൊളിയെന്ന് :അശ്വിനി വൈഷ്ണവ്

Spread the love

ഇന്ന് നമ്മുടെ പ്രധാനമന്ത്രി കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തിരിക്കുകയാണ്. കഥകളിയുടേയും കളരി പയറ്റിന്റേയും ആയുർവേദത്തിന്റേയും നാടായ കേരളത്തിന് ഇനി ഒരു ആകർഷണം കൂടിയുണ്ട്. അത് വന്ദേ ഭാരതാണ്. കേരളത്തിലെ യുവത ഒന്നടങ്കം പറയും അടിപൊളിയെന്ന്. കേരളത്തിലെ ജനങ്ങൾക്ക് ഈ മനോഹര സമ്മാനം നൽകിയ പ്രധാനമന്ത്രിക്ക് നന്ദി’- അശ്വിനി വൈഷ്ണവ് പറഞ്ഞു.180 kmph വേഗതയാണ് ട്രെയിനിന് ഉള്ളതെന്ന് റെയിൽവേ മന്ത്രി പറഞ്ഞു. 35 വർഷത്തെ ആയുസാണ് വന്ദേ ഭാരതിനുള്ളത്. കേരളത്തിലെ റെയിൽവേ ട്രാക്കുകളുടെ വേഗത 80-90 kmph ആണ്. അതുകൊണ്ട് തന്നെ ലോകോത്തര നിലവാരമുള്ള സിഗ്നലിംഗ് സിസ്റ്റം അവതരിപ്പിച്ച്, റെയിൽവേ ഘടനയും വളവുകളും മാറ്റി അടുത്ത 18-24 മാസത്തിനകം വന്ദേ ഭാരതിന്റെ വേഗത വർധിപ്പിക്കുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. 381 കോടി രൂപയാണ് വന്ദേഭാരതിന്റെ വേഗത വർധിപ്പിക്കാനായി പ്രധാനമന്ത്രി കേരളത്തിന് അനുവദിച്ചതെന്ന് റെയിൽവേ മന്ത്രി പറഞ്ഞു.2009 മുതൽ 2014 വരെയുള്ള കാലത്ത് കേരളത്തിന് വെറും 371 കോടി രൂപയാണ് റെയിൽവേ വികസനത്തിനായി അനുവദിച്ചിരുന്നതെന്ന്. എന്നാൽ 2014ന് ശേഷം മോദി ഇത് ഇരട്ടിയാക്കി. ഈ വർഷം 2033 കോടി രൂപയാണ് കേരളത്തിന്റെ റെയിൽവേ വികസനത്തിനായി പ്രധാനമന്ത്രി അനുവദിച്ചിരിക്കുന്നത്. കൊല്ലം, എറണാകുളം, എറണാകുളം ടൗൺ, തിരുവനന്തപുരം, കോഴിക്കോട്, വർക്കല, ചെങ്ങന്നൂർ, തൃശൂർ എന്നിങ്ങനെ കേരളത്തിലെ പ്രധാന സ്റ്റേഷനുകളെല്ലാം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ രൂപകൽപന മികച്ചതാണ്. ഈ പ്രത്യേകത നിലനിർത്തികൊണ്ട് തന്നെ സ്റ്റേഷൻ ആധുനികവത്കരിക്കാനാണ് ശ്രമിക്കുന്നതെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.നരേന്ദ്ര മോദി ഭരണത്തിലേറിയ ശേഷമുള്ള വികസനപ്രവർത്തനങ്ങളും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് എണ്ണി പറഞ്ഞു. ‘ഇന്ന് രാജ്യത്തെ മിക്കയാളുകളുടെ കൈയിലും മൊബൈൽ ഫോൺ ഉണ്ട്. ഇന്ത്യയിലെ 99 ശതമാനം ഫോണുകളും ഇന്ന് ഇന്ത്യയിലാണ് നിർമിക്കുന്നത്. ദീർഘവീക്ഷണമുള്ള ഒരു വ്യക്തിയുടെ ശ്രമഫലമായാണ് ഇത് നടപ്പിലായത്. ഒട്ടുമിക്ക രാജ്യങ്ങളിലും ഇപ്പോഴും പണം അയക്കുന്നത് ചെക്ക് വഴിയും കാർഡുകൾ വഴിയുമാണ്. ഇന്ത്യയിൽ ഒറ്റ ക്ലിക്കിൽ പണമിടപാട് നടക്കുന്നു. ഇത് ഇന്ത്യയുടെ വിജയമാണ്’- അശ്വിനി വൈഷ്ണവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *