കഞ്ചാവാലയില്‍ അഞ്ജലി എന്ന യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ മൊഴിമാറ്റി പ്രതികള്‍

Spread the love

ന്യൂഡല്‍ഹി : കാറിടിച്ച് 12 കിലോമീറ്റര്‍ വലിച്ചിഴക്കപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹി കഞ്ചാവാലയില്‍ അഞ്ജലി എന്ന യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ മൊഴിമാറ്റി പ്രതികള്‍. കാറിനടിയില്‍ യുവതി കുടുങ്ങിയത് അറിഞ്ഞിരുന്നുവെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. അഞ്ജലിയുടെ ശരീരം കാറില്‍ കുടുങ്ങിയത് അറിഞ്ഞില്ലെന്നും വാഹനത്തിനുള്ളില്‍ ഉച്ചത്തില്‍ പാട്ട് വെച്ചിരുന്നതുകൊണ്ട് മറ്റ് ശബ്‌ദങ്ങളൊന്നും കേട്ടിരുന്നില്ലെന്നുമാണ് പ്രതികള്‍ ആദ്യം നല്‍കിയ മൊഴി.യുവതി കാറിനടിയില്‍ കുടുങ്ങിയത് അറിഞ്ഞുവെന്നാണ് പ്രതികളുടെ പുതിയ വെളിപ്പെടുത്തല്‍. യുവതിയെ പുറത്തെടുക്കാന്‍ ശ്രമിച്ചാല്‍ തങ്ങളുടെ മേല്‍ കൊലക്കുറ്റം ചുമത്തപ്പെടുമെന്ന ഭയത്തെ തുടര്‍ന്നാണ് കാര്‍ നിര്‍ത്താതെ പോയതെന്നും പ്രതികള്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കി. അപകടശേഷം പ്രതികള്‍ വല്ലാതെ ഭയപ്പെട്ടിരുന്നുവെന്നും അതിനാലാണ് മൃതദേഹം തെറിച്ചുപോകുന്നത് വരെ കാര്‍ നിര്‍ത്താതെ ഓടിക്കാന്‍ ഇവര്‍ തീരുമാനിച്ചതെന്നും പൊലീസ് പറഞ്ഞു.പുതുവര്‍ഷ രാത്രിയിലായിരുന്നു ദാരുണമായ സംഭവം. സ്‌കൂട്ടര്‍ യാത്രക്കാരിയായ അഞ്‌ജലിയുടെ മൃതദേഹം കഞ്ചാവാല മേഖലയില്‍ നിന്ന് അര്‍ധ നഗ്‌നയായി, ഗുരുതര പരിക്കുകളേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാറിനടിയില്‍ കുടുങ്ങിയ അഞ്ജലി 12കിലോമീറ്ററോളം വലിച്ചിഴയ്‌ക്കപ്പെട്ടുവെന്ന് പൊലീസ് സ്ഥിരീകരിച്ചത്.കൊല്ലപ്പെട്ട അഞ്ജലിക്കൊപ്പം നിധി എന്ന യുവതിയും ഇരുചക്രവാഹനത്തില്‍ ഉണ്ടായിരുന്നു. സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് അഞ്ജലി കാറില്‍ കുടുങ്ങിയതോടെ നിധി സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുകയാണുണ്ടായത്. ഇവര്‍ക്ക് നിസാര പരിക്കുകള്‍ മാത്രമാണ് സംഭവിച്ചത്.തുടര്‍ന്ന് അഞ്ജലി മദ്യപിച്ചിരുന്നെന്നും താന്‍ പറഞ്ഞത് കേള്‍ക്കാതെയാണ് വാഹനമെടുത്തതെന്നും നിധി മാധ്യമങ്ങളോട് വെളിപ്പെടുത്തി. കാര്‍ ഇടിച്ച ശേഷം അഞ്ജലി വീലിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ഭയം കാരണമാണ് താന്‍ അവിടെ നിന്നും പോയതെന്നും സംഭവം ആരേയും അറിയിക്കാതിരുന്നതെന്നും നിധി വ്യക്തമാക്കിയിരുന്നു.അതേസമയം, നിധിയുടെ വാദങ്ങള്‍ അഞ്ജലിയുടെ കുടുംബം നിഷേധിച്ചു. അഞ്ജലി മദ്യപിക്കാറില്ലെന്ന് പറഞ്ഞ അമ്മ നിധിയുടെ വാദങ്ങള്‍ തങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് വ്യക്തമാക്കി. നിധിയുടെ വെളിപ്പെടുത്തലുകള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു അഞ്ജലിയുടെ അമ്മാവന്‍റെ പ്രതികരണം.യുവതിയുടെ മരണം ആസൂത്രിത കൊലപാതകമാണെന്ന് ആരോപണം ഉയര്‍ന്നെങ്കിലും ഇത് സാധൂകരിക്കുന്ന തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ലൈംഗിക പീഡനം നടന്നിട്ടില്ലെന്ന് പോസ്‌റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരാണ് അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *