സുല്‍ത്താന്‍ ബത്തേരിയെ വിറപ്പിച്ച കാട്ടുകൊമ്പന്‍ പിഎം 2-വിനെ ഒടുവില്‍ മയക്കുവെടി വെച്ച് വീഴ്ത്തി പിടികൂടി
ദിവസങ്ങളായി സുല്‍ത്താന്‍ ബത്തേരിയെ വിറപ്പിച്ച കാട്ടുകൊമ്പന്‍ പിഎം 2-വിനെ ഒടുവില്‍ മയക്കുവെടി വെച്ച് വീഴ്ത്തി പിടികൂടി വനവകുപ്പ്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് ആനയെ വളഞ്ഞ് വനപാലകര്‍ മയക്കുവെടിവച്ചത്. കുപ്പാടി വനമേഖലയ്ക്ക് സമീപത്ത് വച്ചാണ് പി.എം. 2-ന് മയക്കുവെടിയേറ്റത്. വെടിയേറ്റ ആന മയങ്ങാന്‍ 45 മിനിറ്റെങ്കിലും വേണ്ടി വരും എന്നാണ് കരുതുന്നത്.ബത്തേരിയില്‍ നിന്നും 16 കിലോമീറ്റര്‍ മാറി മുത്തങ്ങയിലുള്ള ആനപ്പന്തിയിലെ കൂട്ടിലേക്കാവും പിഎം 2-നെ മാറ്റുക. ഇതിനോടകം ആനയെ മുത്തങ്ങയിലേക്ക് കൊണ്ടു പോകാനുള്ള ശ്രമം തുടങ്ങി. പിഎം ടുവിനെ കൊണ്ടു പോകാനുള്ള ലോറി കാട്ടിനുള്ളിലേക്ക് പോകും. ലോറിക്ക് പോകാനുള്ള വഴി ജെസിബി വച്ച് ഒരുക്കി.ആനയെ വനത്തിനുള്ളിലേക്ക് തുരത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് മയക്കുവെടിവച്ച് പിടികൂടാന്‍ തിരുമാനിച്ചത്. ആനയെ മയക്കുവെടിവെച്ച് പിടികൂടാനായി പ്രവര്‍ത്തിച്ച ദൗത്യസംഘത്തെ പ്രത്യേകം അഭിനന്ദിക്കുന്നതായി വനം വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.ജനവാസമേഖലയോട് ചേര്‍ന്ന വനത്തില്‍ നിലയുറപ്പിച്ച കാട്ടാന വനം വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു.