സംസ്ഥാനത്തെ 7 ജില്ലകൾ നാളെ പോളിങ് ബൂത്തിലേക്ക്
സംസ്ഥാനത്തെ 7 ജില്ലകൾ നാളെ പോളിങ് ബൂത്തിലേക്ക്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് നാളെ. 471 ഗ്രാമപഞ്ചായത്തുകൾ 75 ബ്ലോക്ക് പഞ്ചായത്തുകൾ 7 ജില്ലാ പഞ്ചായത്തുകൾ, 39 മുൻസിപ്പാലിറ്റികൾ 3 കോർപ്പറേഷനുകൾ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 7 ജില്ലകളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച്ച നടക്കുന്നത്. നീണ്ട ഒരു മാസത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷമാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച്ചയാണ്. രണ്ടാംഘട്ടത്തിൽ 604 തദ്ദേശസ്ഥാപനങ്ങളിലെ 12,408 വാർഡുകളിലാണ് തെരഞ്ഞെടുപ്പ്. ഇത്തവണ സംസ്ഥാനത്താകെ 75,643 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.36,630 സ്ഥാനാർത്ഥികൾ ആദ്യ ഘട്ടത്തിലും 39,013 സ്ഥാനാർത്ഥികൾ രണ്ടാംഘട്ടത്തിലുമായി ജനവിധി തേടും. സ്ഥാനാർത്ഥികളിൽ കൂടുതലും സ്ത്രീകളാണ്. രാവിലെ 9 മണി മുതൽ ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. രണ്ടാം ഘട്ട വോട്ടെടുപ്പുള്ള ജില്ലകളിൽ നാളെയാണ് പരസ്യപ്രചാരണം അവസാനിക്കുക. എല്ലാ ജില്ലകളിലും വോട്ടെണ്ണൽ ശനിയാഴ്ച രാവിലെ 8 മണി മുതൽ ആരംഭിക്കും.

