വയനാട്ടിൽ എംഡിഎംഎ വേട്ട : 156 ഗ്രാം എംഡിഎംഎ പിടികൂടി
സുൽത്താൻബത്തേരി: വയനാട് വീണ്ടും എംഡിഎംഎ വേട്ട. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി എസ്ഐ സിഎം സാബുവും സംഘവും മുത്തങ്ങയിൽ നടത്തിയ വാഹന പരിശോധനക്കിടെ എംഡിഎംഎമായി കാറിൽ വരികയായിരുന്ന ദമ്പതികളടക്കമുള്ള നാല് പേരെ പിടികൂടി.കോഴിക്കോട് സ്വദേശികളായ നല്ലളം കെജെകെ വീട്ടിൽ ഫിറോസ് ഖാൻ (31), പാറപ്പുറം അരക്കിണർ മിഥുൻ നിവാസ് പികെ യൂസഫലി (26), ഇയാളുടെ ഭാര്യ മാന്തോട്ടം വടക്കൻകണ്ടി ആയിഷ നിഹാല ( 22), കണ്ണൂർ കക്കാട് പറയിലകത്ത് പി നദീർ (26) എന്നിവരാണ് അറസ്റ്റിലായത്.ബംഗളൂരുവിൽ നിന്നും കോഴിക്കോട് ഭാഗത്ത് വിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്ന 156 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. കാറിൻ്റെ മുകൾഭാഗത്തായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. മയക്കുമരുന്ന് ചില്ലറ വിൽപ്പനക്കായി ഉപയോഗിക്കുന്ന ത്രാസും, കവറുകളും, മറ്റ് ഉപകരണങ്ങളും സംഘത്തിൽ നിന്നും പിടികൂടി.എഎസ്ഐ കെടി മാത്യു, സിപിഒ മാരായ മുരളീധരൻ, അനിൽകുമാർ, വുമൺ സിപിഒ ഫൗസിയ, സജ്ന, ഡ്രൈവർ എസ് സിപിഒ സന്തോഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. സംഘം സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.