ഉഴമലയ്ക്കലിൽ സിപിഐ നേതാക്കളും പ്രവർത്തകരുമടക്കം നിരവധി പേർ കോൺഗ്രസിൽ ചേർന്നു

Spread the love

ആര്യനാട് : സിപിഐ ഉഴമലയ്ക്കൽ മുൻ ലോക്കൽ കമ്മിറ്റി അംഗം, അരുവിക്കര നിയോജക മണ്ഡലം വോളണ്ടിയർ ക്യാപ്റ്റൻ, എഐവൈഎഫ് മണ്ഡലം കമ്മിറ്റി അംഗം, അസംഘടിത തൊഴിലാളി യൂണിയൻ ജില്ല കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന മുൻ സൈനികൻ കൂടിയായ കെ.എസ് ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ സിപിഐ ൽ നിന്നും കോൺഗ്രസിൽ ചേർന്നതായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഉഴമലയ്ക്കൽ പഞ്ചായത്തിലെ മാതൃക പൊതുപ്രവർത്തകൻ കൂടിയായ കെ.എസ്. ഷൈൻ കുമാർ കോവിഡ് -19 സന്നദ്ധ സേന ഉഴമലയ്ക്കൽ പഞ്ചായത്ത് കൺവീനറായി മികച്ച സേവനമാണ് നടത്തിയിട്ടുള്ള ആളാണ്. രണ്ടര വർഷക്കാലം ഈ രംഗത്ത് പ്രവർത്തിച്ചുകൊണ്ട് 68 മൃതദേഹങ്ങൾ ഈ കാലയളവിൽ സംസ്കരിക്കുകയും രണ്ടായിരത്തിലധികം കോവിഡ് ടെസ്റ്റുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ കോവിഡ് കേന്ദ്രങ്ങളിൽ സന്നദ്ധ സേവനം അനുഷ്ഠിച്ച കെ. എസ് ഷൈൻ കുമാർ 2018 പ്രളയകാലത്ത് ചെങ്ങന്നൂരിൽ 10 ദിവസക്കാലം പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളിയായിട്ടുണ്ട്. സിപിഐ നേതൃത്വത്തിന്റെ ഏകപക്ഷീയമായ നിലപാടിലും അഴിമതിയിലും പ്രതിഷേധിച്ചും തെറ്റുകൾ ചൂണ്ടി കാണിക്കുന്നവരെയും അഭിപ്രായം പറയുന്നവരെയും പുറത്താക്കുകയും അനർഹരെ നേതൃത്വത്തിൽ ഉയർത്തികൊണ്ട് വരുകയും ചെയ്യുന്ന നടപടിയ്‌ക്കെതിരെയാണ് രാജിയെന്ന് പാർട്ടി വിട്ടവർ പറഞ്ഞു. വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ രാജ്യത്ത് ശക്തമായ ബദൽ ഉയർത്തുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിനാണ് രാജ്യത്തെ മുന്നോട്ട് നയിക്കാൻ കഴിയുക. കേരളത്തിലെ സ്വർണ്ണകൊള്ളയും അഴിമതിയ്ക്കുമെതിരെയുള്ള ശക്തമായ പ്രതിഷേധം ഉയരുന്ന ഈ തെരഞ്ഞെടുപ്പിൽ യുഡിഫ് ന്റെ വിജയത്തിന് വേണ്ടി രംഗത്തിറങ്ങുമെന്ന് പാർട്ടി വിട്ടവർ പറഞ്ഞു.സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്നവരെ നേതാക്കളായ ഡിസിസി ജനറൽ സെക്രട്ടറി എൻ ജയമോഹനൻ, കോൺഗ്രസ് നേതാവ് മീനാങ്കൽ കുമാർ, ആര്യനാട് മണ്ഡലം പ്രസിഡന്റ് പുളിമൂട്ടിൽ രാജീവ്, ഒസൻകുഞ്ഞ്, സക്കീർ ഹുസൈൻ, എം ബാബു, മോഹനൻ, അബൂബക്കർ, ഉഴമലയ്ക്കൽ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥികളായ ദീപ റാണി, ഫിറോസ് കുളപ്പട, പൂപ്പറം സുരേഷ്, ഷീജ തുടങ്ങിയവർ സ്വീകരിച്ചു. വാർത്ത സമ്മേളനത്തിൽ മീനാങ്കൽ കുമാർ, കെ. എസ് ഷൈൻ കുമാർ, ശ്യാംലാൽ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *