കുട്ടനാടിന്റെ കഥാകാരന്‍ തകഴി ശിവശങ്കരപ്പിള്ളയുടെ 112-ാം ജന്മവാർഷികം
കടലിന്റെ പശ്ചാത്തലത്തില്‍ കറുത്തമ്മയടേയും പരീക്കുട്ടിയുടേയും പ്രണയകഥ പറഞ്ഞ…മലയാള നോവല്‍ സാഹിത്യത്തിലെ അനശ്വര പ്രണയഗാഥയായ ചെമ്മീൻ എന്ന കൃതിയിലൂടെ ലോകപ്രശസ്തനായ തകഴി ശിവശങ്കര പിള്ള.മണ്ണിന്റെ മണമുള്ള കഥകാരനായിരുന്ന… നവോത്ഥാനത്തിന്റെ പ്രചാരത്തിനും സംസ്ഥാപനത്തിനും ഏറ്റവും കൂടുതൽ പങ്കുവഹിച്ചിട്ടുള്ള… സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കിയ എഴുത്തുകാരിൽ മുൻപന്തിയിലുണ്ടായിരുന്ന… ജീവൽ സാഹിത്യ പ്രസ്ഥാനത്തിന്റെ മലയാളത്തിലെ പ്രചാരകനായിരുന്നു. പി.കേശവദേവ്, പൊൻകുന്നം വർക്കി, വൈക്കം മുഹമ്മദ് ബഷീർ എന്നിവരുടെ സമകാലികനായിരുന്ന അദ്ദേഹത്തെ വിശ്വകഥാകാരനെന്നും കുട്ടനാടിന്റെ ഇതിഹാസകാരൻ എന്നും കേരള മോപ്പസാങ് എന്നും വിശേഷിപ്പിച്ചിരുന്നു.1912 ഏപ്രിൽ 17-ന് (കൊല്ലവര്‍ഷം 1087 മേടം 5) പൊയ്പള്ളിക്കളത്തിൽ ശങ്കരക്കുറുപ്പിന്റെയും പടഹാരംമുറിയിൽ അരിപ്പുറത്തുവീട്ടിൽ പാർവ്വതിയമ്മയുടെയും മകനായി ആലപ്പുഴ ജില്ലയിലെ തകഴിയിൽ ജനിച്ചു. പ്രസിദ്ധ കഥകളി നടൻ ഗുരു കുഞ്ചുക്കുറുപ്പ് പിതൃ സഹോദരൻ ആയിരുന്നു. അച്ഛനും, ചക്കംപുറത്തു കിട്ടു ആശാനുമാണ് തകഴിയെ നിലത്തെഴുത്ത് പഠിപ്പിച്ചത്. തകഴി, അമ്പലപ്പുഴ, വൈക്കം, കരുവാറ്റ എന്നിവിടങ്ങളിലെ സ്കൂളിലെ പഠനത്തിനു ശേഷം തിരുവനന്തപുരം ലോ കോളജിൽ പ്ലീഡർഷിപ്പിനു ചേർന്നു. കരുവാറ്റയില്‍ കൈനിക്കര കുമാര പിള്ളയായിരുന്നു ഹെഡ്മാസ്റ്റര്‍. ലോ പഠനകാലത്തു കേസരി എ. ബാലകൃഷ്ണ പിള്ളയെ പരിചയപ്പെട്ടതാണ് സാഹിത്യരംഗത്തെ ഉയർച്ചകൾക്ക് വഴിയൊരുക്കിയത്. ഇടയ്ക്ക് കേരള കേസരി പത്രത്തിൽ ജോലി ചെയ്തു. അമ്പലപ്പുഴ മുൻസിഫ് കോടതിയിലെ വക്കീൽ ജോലിക്കിടയിൽ അടുത്തറിഞ്ഞ കടൽ തൊഴിലാളികളുടെ അടക്കമുള്ളവരുടെ ജീവിതമാണ് തകഴി മിക്ക രചനകൾക്കും വിഷയമാക്കിയത്. ചെമ്മീന്‍ എന്ന നോവലാണ് തകഴിയെ ആഗോള പ്രശസ്തനാക്കിയത്. എന്നാല്‍ രചനാപരമായി ഈ നോവലിനേക്കാള്‍ മികച്ചു നില്‍ക്കുന്ന ഒട്ടേറെ ചെറുകഥകള്‍ തകഴിയുടേതായുണ്ട്. അദ്ദേഹത്തിന്റെ വെള്ളപ്പൊക്കത്തില്‍ എന്ന കഥ മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളിലൊന്നായി പരിഗണിക്കപ്പെടുന്നു. ഇംഗ്ലീഷ്, റഷ്യൻ, ജർമൻ, ഇറ്റാലിയൻ, ഫ്രഞ്ച്, അറബിക്, പോളിഷ്, സിംഹള ഉൾപ്പെടെ 19 ഭാഷകളിലേക്കു ചെമ്മീൻ വിവർത്തനം ചെയ്യപ്പെട്ടു. 1965-ൽ രാമു കാര്യാട്ട് ഈ നോവൽ സിനിമയാക്കി. മലയാള സിനിമ ദേശീയ തലത്തില്‍ ആദ്യമായി സുവര്‍ണ കമലം നേടിയത് ഈ ചിത്രത്തിലൂടെയായിരുന്നു. ഒരു ചലച്ചിത്രം എന്നതിനപ്പുറം അത് മലയാളികളുടെ ദൃശ്യസംസ്കാരത്തിന്റെ ഭാഗമായി മാറുകകൂടി ചെയ്തു. 1956 ലാണ് തകഴി ഈ നോവല്‍ പൂര്‍ത്തീകരിച്ചത്. 9 വര്‍ഷത്തിന് ശേഷം രാമുകാര്യാട്ട് ഇത് ചലച്ചിത്രമാക്കി. കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും പ്രണയത്തിനപ്പുറം കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതവും വിശ്വാസവും കൂടിയായിരുന്നു ചെമ്മീന്‍. അനുഭവങ്ങൾ പാളിച്ചകൾ, ഏണിപ്പടികൾ എന്നീ നോവലുകളും സിനിമയാക്കി. 1934-ൽ നെടുമുടി തെക്കേമുറി ചെമ്പകശ്ശേരി ചിറയ്ക്കൽ കമലാക്ഷിയമ്മയുമായുള്ള (കാത്ത) വിവാഹം നടന്നു. അമേരിക്കയിലും, യൂറോപ്പിലും, ജപ്പാനിലും, റഷ്യയിലും പര്യടനം നടത്തിയിട്ടുണ്ട്. 1980 ൽ പത്മഭൂഷൺ ബഹുമതിയും 1984 ൽ ജ്ഞാനപീഠം പുരസ്കാരവും നൽകി രാജ്യം ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായിരുന്ന അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം,വയലാർ അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, വള്ളത്തോൾ പുരസ്കാരം, സോവിയറ്റ് ലാൻഡ് നെഹ്റു അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ് തുടങ്ങിയവ ബഹുമതികളും ലഭിച്ചിട്ടുണ്ട്. 1999 ഏപ്രിൽ 10-ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ കാത്ത 2011 ജൂൺ 1ന് അന്തരിച്ചു.തോട്ടിയുടെ മകന്‍, രണ്ടിടങ്ങഴി, ചെമ്മീന്‍, ഏണിപ്പടികള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, കയര്‍ തുടങ്ങി 39 നോവലുകളും അറുനൂറില്‍പ്പരം ചെറുകഥകളും രചിച്ചിട്ടുണ്ട്. ആദ്യകാലത്ത് നിരവധി കവിതകള്‍ എഴുതിയിട്ടുണ്ടെങ്കിലും അവ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഒരു നാടകം, ഒരു യാത്രാവിവരണം, മൂന്നു ആത്മകഥകള്‍ എന്നിവയും അദ്ദേഹത്തിന്റേതായുണ്ട്.