ബി.ജെ.പി.യിലും കേന്ദ്രമന്ത്രിസഭയിലും അഴിച്ചുപണിക്ക് സാധ്യത

Spread the love

ന്യൂഡല്‍ഹി: ബി.ജെ.പി.യിലും കേന്ദ്രമന്ത്രിസഭയിലും അഴിച്ചുപണിക്ക് സാധ്യത. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനുമുമ്പ് മാറ്റങ്ങളുണ്ടായേക്കുമെന്നാണ് സൂചന.ഒമ്പതുസംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്നിവയ്ക്ക് മുന്നോടിയായിട്ടായിരിക്കും നടപടി. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം മന്ത്രിസഭയില്‍ ഉറപ്പാക്കും.2023, 2024 തിരഞ്ഞെടുപ്പ് വര്‍ഷങ്ങളാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ്, കര്‍ണാടക, തെലങ്കാന, ത്രിപുര, മേഘാലയ, നാഗാലാന്‍ഡ്, മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് വരുംവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കേണ്ടത്. മണ്ഡലപുനര്‍നിര്‍ണയം പൂര്‍ത്തീകരിച്ച ജമ്മുകശ്മീരിലെ വിധിയെഴുത്തും അടുത്തവര്‍ഷമുണ്ടായേക്കാം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ജമ്മുകശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കണമെന്നതാണ് ബി.ജെ.പി.യുടെ താത്പര്യം.മന്ത്രിസഭയില്‍ വിപുലമായ അഴിച്ചുപണിയുണ്ടാവുമോ എന്നത് വ്യക്തമല്ല. മന്ത്രിമാരുടെ പ്രവര്‍ത്തനനിലവാരം, പ്രദേശത്തിന്റെയും സമുദായത്തിന്റെയും പ്രാതിനിധ്യം, പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കും മാറ്റങ്ങള്‍. മന്ത്രിസഭയിലെ ചില നേതാക്കളെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് നിയോഗിച്ചേക്കും. കാര്യമായ പ്രാതിനിധ്യമില്ലാത്ത സംസ്ഥാനങ്ങളയും സമുദായങ്ങളെയും ഉള്‍ക്കൊള്ളാനായി പാര്‍ലമെന്റംഗങ്ങളായ ചില നേതാക്കളെ പാര്‍ട്ടി പ്രവര്‍ത്തന രംഗത്തുനിന്ന് മന്ത്രിസഭയിലേക്ക് കൊണ്ടുവരാനും സാധ്യതയുണ്ട്്.ബി.ജെ.പി. ദേശീയ അധ്യക്ഷസ്ഥാനത്ത് ജെ.പി. നഡ്ഡയുടെ കാലാവധി അടുത്തമാസം 20ന് അവസാനിക്കും. കാലാവധി നീട്ടുന്നകാര്യത്തില്‍ പാര്‍ലമെന്ററി ബോര്‍ഡാണ് തീരുമാനമെടുക്കേണ്ടത്. അടുത്ത ദേശീയ നിര്‍വാഹകസമിതി യോഗം ഈ തീരുമാനത്തിന് അംഗീകാരം നല്‍കും.കഴിഞ്ഞവര്‍ഷം ജൂണ്‍ എട്ടിനാണ് രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ പുനഃസംഘടന നടന്നത്. അന്ന് 12 മന്ത്രിമാരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. മുതിര്‍ന്ന മന്ത്രിമാരായിരുന്ന രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവഡേകര്‍ എന്നിവര്‍ക്ക് സ്ഥാനം നഷ്ടമാവുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *