ഓറഞ്ച് കഴിച്ചാൽ ജലദോഷം വരുമോ കഴിക്കാൻ അനുയോജ്യമായ സമയം ഏത്

Spread the love

രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശൈത്യകാലത്തിന് തുടക്കമായിട്ടുണ്ട്. അതിനാൽതന്നെ, വിപണികളിൽ വിവിധ പഴങ്ങൾ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. അവയിൽ, ഓറഞ്ച് ഒരു പ്രധാന പഴമാണ്. വൈറ്റമിൻ സിയുടെ സമ്പന്നമായ ഉറവിടമാണിത്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് ഇത് പ്രധാനമാണ്. എന്നാൽ, ശൈത്യകാലത്ത് ഓറഞ്ച് കഴിക്കുന്നത് ജലദോഷം, ചുമ എന്നിവ വർധിപ്പികുമെന്ന് പലരും കരുതുന്നു.“ശൈത്യകാലത്ത് ഓറഞ്ച് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ ഗുണം ചെയ്യും. ഇതിൽ വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് വൈറൽ അണുബാധ, പനി, ജലദോഷം തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കും,” ന്യൂഡൽഹിയിലെ പിഎസ്ആർഐ ആശുപത്രിയിലെ സീനിയർ ഡയറ്റീഷ്യൻ പൂനം ദുനേജ ന്യൂസ് 18 നോട് പറഞ്ഞു.ഓറഞ്ച് പതിവായി കഴിക്കുന്നത് ശരീരത്തിലെ ആന്റിഓക്‌സിഡന്റുകൾ വർധിപ്പിക്കുകയും കോശനാശം തടയുകയും ചെയ്യുന്നു. ഇത് ശാരീരിക ആരോഗ്യത്തിന് മാത്രമല്ല, ചർമ്മാരോഗ്യത്തിനും ഗുണം ചെയ്യും. ഓറഞ്ചിലെ വൈറ്റമിൻ സി ചർമ്മത്തിലെ ഈർപ്പം നിലനിർത്താനും കൊളാജൻ ഉത്പാദനം ഉത്തേജിപ്പിക്കാനും ചുളിവുകൾ കുറയ്ക്കാനും സഹായിക്കുന്നു. ഓറഞ്ച് പഴമോ ജ്യൂസോ കഴിക്കുന്നത് ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകുന്നു.ഓറഞ്ചിലെ നാരുകൾ ശൈത്യകാലത്ത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. മലബന്ധവും ഗ്യാസ് പ്രശ്‌നവും വർധിക്കുന്ന സമയത്ത് ഓറഞ്ച് കുടലിനെ ശുദ്ധീകരിക്കുകയും വയറ്റിലെ പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുമെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു. ഇത് ജലദോഷം വർധിപ്പിക്കുമെന്ന വിശ്വാസം തെറ്റാണെന്നും, ഓറഞ്ച് വൃത്തിയുള്ളതും അധികം തണുത്തതല്ലാത്തതുമാണെങ്കിൽ ജലദോഷം വരില്ലെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, തൊണ്ടവേദന, ടോൺസിൽസ് തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ ആ സമയത്ത് ഓറഞ്ച് ഒഴിവാക്കണം. ശൈത്യകാലത്ത് ഓറഞ്ച് കഴിക്കുന്നത് പ്രതിരോധശേഷി മെച്ചപ്പെടുത്തുമെന്നും, ദഹനത്തെ സഹായിക്കുമെന്നും, ചർമ്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുമെന്നും പോഷകാഹാര വിദഗ്ധർ ആവർത്തിച്ച് പറയുന്നു. രാവിലെയോ ഉച്ചകഴിഞ്ഞോ ആണ് ഓറഞ്ച് കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഒഴിഞ്ഞ വയറ്റിൽ ഓറഞ്ച് കഴിക്കരുത്. ഒരു ദിവസം ഒന്നോ രണ്ടോ ഓറഞ്ച് മതിയാകും. നാരുകൾ ലഭിക്കാൻ ഓറഞ്ച് ജ്യൂസ് ആക്കാതെ മുഴുവനായി കഴിക്കാൻ ശ്രമിക്കണം.*മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Leave a Reply

Your email address will not be published. Required fields are marked *