രാജ്യാന്തര വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; ജൂലൈ വരെ യാത്ര ദുരിതമാകും

Spread the love

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുള്ള വ്യോമപാത നിയന്ത്രണങ്ങളും വിമാന ഇന്ധനവിലയിലുണ്ടായ അപ്രതീക്ഷിത വർദ്ധനവും കണക്കിലെടുത്ത്, രാജ്യാന്തര സർവീസുകൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി എയർ ഇന്ത്യ (Air India Flight Service). വരുന്ന ജൂലൈ മാസം വരെ സർവീസുകളിൽ നിയന്ത്രണമുണ്ടാകുമെന്ന് എയർ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ക്യാമ്പ്‌ബെൽ വിത്സൺ അറിയിച്ചു. ലാഭകരമല്ലാത്ത റൂട്ടുകളിലെ വിമാന സർവീസുകളാണ് ജൂലൈ വരെ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.നിലവിലെ സാഹചര്യത്തിൽ മിക്ക രാജ്യാന്തര സർവീസുകളും വലിയ നഷ്ടത്തിലാണ് സർവീസ് നടത്തുന്നതെന്നാണ് ജീവനക്കാർക്ക് നൽകിയ സന്ദേശത്തിൽ വിത്സൺ പറഞ്ഞിരിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കാരണം വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ ദീർഘദൂര പാതകളിലൂടെ സഞ്ചരിക്കേണ്ടി വരുന്നുണ്ട്. ഇത് ഇന്ധന ഉപഭോഗം വർദ്ധിപ്പിക്കുകയും കമ്പനിക്ക് പ്രവർത്തനച്ചെലവ് കുത്തനെ കൂട്ടുകയും ചെയ്തു.ALSO READ: വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുമോ? സർവീസുകൾ നിർത്തേണ്ടി വരുമെന്ന് കമ്പനികൾ; കേന്ദ്രത്തിന് കത്തയച്ചുഅതേസമയം, ഏപ്രിൽ, മെയ് മാസങ്ങളിൽ ഇതിനകം തന്നെ ചില സർവീസുകൾ റദ്ദാക്കിയിരുന്നു. എന്നിട്ടും സാഹചര്യം മെച്ചപ്പെടാത്തതിനാലാണ് ജൂൺ, ജൂലൈ മാസങ്ങളിലെ സർവീസുകളിൽ മാറ്റം വരുത്താൻ എയർ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ നിലവിലെ തീരുമാനം, വേനലവധിക്ക് നാട്ടിലേക്ക് വരാനും തിരിച്ചു പോകാനും പ്ലാൻ ചെയ്തിരുന്ന പ്രവാസികൾക്ക് വലിയ തിരിച്ചടിയാകും. സർവീസുകൾ റദ്ദാക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്കും ജീവനക്കാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.ഹോർമുസ് കടലിടുക്ക് പഴയപ്പോലെ തുറക്കുകയും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കുറയുകയും ചെയ്താൽ മാത്രമേ സർവീസുകൾ പഴയപടിയാക്കാൻ സാധിക്കൂ. 2026 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യ ഗ്രൂപ്പ് ഏകദേശം 22,000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ നിലിവിലെ റദ്ദാക്കൽ എയർ ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതോടെയാണ് ആഗോളതലത്തിൽ ഇന്ധനവില വർദ്ധിപ്പിക്കാൻ കാരണമായത്. ഇത് എയർ ഇന്ത്യയെപ്പോലെയുള്ള വലിയ വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിനെ കാര്യമായി ബാധിക്കുകയും സർവീസുകൾ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുകയും ചെയ്തു.വിമാന ഇന്ധനവില വർദ്ധനവ്പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ ഉപരോധവും ഇന്ത്യയിലെ വ്യോമയാന മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിമാന സർവീസുകൾ നിർത്തിവെക്കേണ്ടിവരുമെന്ന് എയർ ഇന്ത്യ ഉൾപ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികൾ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എന്നീ കമ്പനികളെ പ്രതിനിധീകരിക്കുന്ന എഫ്ഐഎ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് അടിയന്തര സഹായം അഭ്യർത്ഥിച്ച് കത്തയയ്ക്കുകയും ചെയ്തിരുന്നു.ഒരു വിമാനക്കമ്പനിയുടെ ആകെ പ്രവർത്തനച്ചെലവിൻ്റെ ഏകദേശം 40 ശതമാനത്തോളം വിമാന ഇന്ധനത്തിനായി ചെലവാക്കേണ്ടി വരുന്നു. ഈ സാഹചര്യത്തിൽ ഇന്ധനവിലയിലുണ്ടാകുന്ന ക്രമാതീതമായ വർദ്ധന സർവീസുകൾ റദ്ദാക്കുന്നതിലേക്ക് നയിക്കുന്ന സ്ഥിതിയാണെന്നാണ് വിമാനകമ്പനികൾ നൽകിയ കത്തിൽ പറഞ്ഞിരുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കണമെങ്കിൽ കേന്ദ്രത്തിൻ്റെ ഭാ​ഗത്ത് നിന്ന് അടിയന്തര സാമ്പത്തിക സഹായം വേണമെന്നാണ് കമ്പനികളുടെ ആവശ്യം.നിലവിൽ അന്താരാഷ്ട്ര സർവീസുകൾക്കുള്ള ഇന്ധനവില ലിറ്ററിന് 73 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, ആഭ്യന്തര സർവീസുകൾക്ക് ഇത് 15 രൂപയാണ്. ഇന്ധനവിലയിലെ ഈ വലിയ വ്യത്യാസത്തോടൊപ്പം ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് കൂടി ചേർന്നപ്പോൾ വിമാനക്കമ്പനികൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ഇന്ധനത്തിന് മേൽ 11 ശതമാനം എക്സൈസ് ഡ്യൂട്ടിയും ഏർപ്പെടുത്തിയിരുന്നു. ഇത് താല്ക്കാലികമായി ഒഴിവാക്കണമെന്നും കമ്പനികൾ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *