പ്രമേഹരോഗത്തിന്റെ പ്രധാന കാരണം ഫ്രൈ ചെയ്ത കാർബോഹൈഡ്രേറ്റുകൾ
ഫ്രൈ ചെയ്യ്ത കാർബോഹൈഡ്രേറ്റുകളുടെ ഉപഭോഗം ഇന്ത്യക്കാർക്കിടയിൽ ഏറ്റവും ഗുരുതരമായവിധത്തിൽ പ്രമേഹരോഗ സാധ്യത ഉയർത്തുന്നുവെന്ന് ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ (ഐഡിഎഫ്) പ്രസിഡന്റ് പീറ്റർ ഷ്വാർസ്. കാർബോഹൈഡ്രേറ്റുകൾ അത്രയും ദോഷകരമല്ലെങ്കിലും, വറുക്കുന്നത് അവയെ വിഷലിപ്തമാക്കുമെന്നും ഇത് മെലിഞ്ഞ വ്യക്തികളിൽ പോലും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.”പ്രോട്ടീൻ കുറഞ്ഞ അളവിൽ കഴിക്കുന്നതും, എണ്ണയിൽ വറുത്ത കാർബോഹൈഡ്രേറ്റുകളുടെ പതിവ് ഉപഭോഗവും, അന്തരീക്ഷ മലിനീകരണവും എല്ലാം ചേർന്ന് ഇന്ത്യക്കാരിൽ രോഗസാധ്യത വർധിപ്പിക്കുന്നു. ഈ ഭക്ഷണക്രമങ്ങൾ കാരണം ഇന്ത്യയിൽ മെലിഞ്ഞ ആളുകളിൽ പോലും ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്,” ഡോ. ഷ്വാർസ് പറഞ്ഞു. റിസർച്ച് സൊസൈറ്റി ഫോർ ദി സ്റ്റഡി ഓഫ് ഡയബറ്റിസ് ഇൻ ഇന്ത്യ (ആർഎസ്എസ്ഡിഐ) യുടെ 53-ാമത് ദേശീയ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വായു മലിനീകരണം പ്രമേഹകാരണമായ അപകടകാരിയായ ഒരു പ്രധാന ഘടകമായി മാറിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ വളർന്നുവരുന്നതും വായു മലിനീകരണത്തെ പ്രമേഹവുമായി ബന്ധിപ്പിക്കുന്നതുമായ ഗവേഷണ മേഖലയെ എടുത്തുകാണിച്ചുകൊണ്ട്, ഹൃദയ സംബന്ധമായ അസുഖങ്ങളും പ്രമേഹവും തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ച് ഡോ. ഷ്വാർസ് ചൂണ്ടിക്കാട്ടി. ഇന്ത്യൻ നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരം ഒരു പ്രധാന ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുന്നുവെന്ന് മാത്രമല്ല, അന്തരീക്ഷവായു ഏറ്റവും മലിനമായ ലോകത്തിലെ നഗരങ്ങളുടെ പട്ടികയിൽ നിരവധി ഇന്ത്യൻ നഗരങ്ങളുണ്ടെന്നതും അതിൽ നമ്മുടെ ദേശീയ തലസ്ഥാനമായ ന്യൂഡൽഹി ഒന്നാം സ്ഥാനത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

