ഗവർണർ പോരാട്ടം തുടങ്ങി : എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ പൊലീസ് കൊണ്ട് അഴിപ്പിച്ചു , പിന്നാലെ പുതിയ ബാനറുകളുമായി എസ്എഫ്ഐ
കാലിക്കറ്റ് സർവകലാശാല കാമ്പസിൽ എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ പൊലീസിനെ കൊണ്ട് അഴിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പിന്നാലെ പ്രതിഷേധവുമായെത്തിയ എസ്എഫ്ഐ സംഘം ബാനറുകൾ വീണ്ടും കെട്ടുകയും ഗവർണറുടെ കോലം കത്തിക്കുകയും ചെയ്തു.ഏഴുമണിയോടെ കാമ്പസിലെത്തിയ ഗവർണർ പൊലീസിനെ രൂക്ഷമായി വിമർശിക്കുകയും ബാനറുകൾ അഴിപ്പിക്കുകയുമായിരുന്നു. പിന്നാലെ മുദ്രാവാക്യം വിളികളുമായെത്തിയ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും ബാനറുകൾ ഉയർത്തികെട്ടുകയായിരുന്നു. കാമ്പസിൽ മുഴുവനായി നൂറോളം ബാനറുകൾ സ്ഥാപിക്കുമെന്ന് പി.എം.ആർഷോ വ്യക്തമാക്കി.