രാത്രി ഉറക്കം സുഖകരമാവുന്നില്ലേ? പകൽ സമയത്തെ ഭക്ഷണങ്ങളും കാരണമാണ്; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Spread the love

ഉറക്കം ശരിയായാൽ പകുതി ആരോഗ്യപ്രശ്നങ്ങളും പമ്പകടക്കും. പലപ്പോഴും ജോലിയുടെ ഭാഗമായും ഡിജിറ്റൽ ഡിവൈസുകൾക്ക് മുമ്പിൽ സമയം ചെലവഴിച്ചുമൊക്കെ ഉറക്കം വൈകിക്കുന്നവർ ഏറെയാണ്. ചിലർക്കാകട്ടെ എത്ര ശ്രമിച്ചാലും മതിയായ ഉറക്കം കിട്ടുന്നില്ലെന്ന പരാതിയുമുണ്ട്. ഒരു ദിവസം കഴിക്കുന്ന ഭക്ഷണവും സുഖകരമായ ഉറക്കവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് വ്യക്തമാക്കുകയാണ് പുതിയൊരു പഠനം.സ്ലീപ് ഹെൽത്ത് എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പകൽസമയത്ത് നന്നായി പഴങ്ങളും പച്ചക്കറികളുമൊക്കെ കഴിക്കുന്നവർക്ക് രാത്രി സുഖകരമായ ഉറക്കം ലഭിക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ. ചിക്കാഗോ മെഡിസിൻ യൂണിവേഴ്സിറ്റി, കൊളംബിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ആഹാരക്രമവും ഉറക്കവും തമ്മിലുള്ള ബന്ധത്തേക്കുറിച്ചാണ് ഗവേഷകർ വിശദമായ പഠനം നടത്തിയത്.പകൽസമയത്ത് ആരോഗ്യകരമായ ഭക്ഷണം കഴിക്കാത്തവർക്ക് രാത്രികാലങ്ങളിൽ ഉറക്കം തടസ്സപ്പെടുന്നതായി ഗവേഷകർ കണ്ടെത്തി. ശരീരത്തിന് ആവശ്യമായ കാർബോഹൈഡ്രേറ്റിന് ഒപ്പം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളുമൊക്കെ കഴിച്ചവരുടെ ഉറക്കം തടസ്സപ്പെട്ടില്ല. ദിവസവും അഞ്ച് കപ്പിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നവരുടെ ഉറക്കം അല്ലാത്തവരെ അപേക്ഷിച്ച് പതിനാറ് ശതമാനത്തോളം മെച്ചപ്പെടുന്നതായി കണ്ടെത്തി.ഒരു ആപ്പിന്റെയും കൈയിൽ ധരിക്കുന്ന മോണിറ്ററിന്റെയും സഹായത്തോടെയാണ് ഭക്ഷണക്രമവും ഉറക്കവും നിരീക്ഷിച്ചത്. ഉറക്കത്തിനിടയിൽ എത്രതവണ എഴുന്നേൽക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കി ആരോഗ്യകരമായ ഉറക്കവും വിലയിരുത്തി.*ആരോഗ്യകരമായ ഉറക്കത്തിനായി ചില ടിപ്സ്*👉പ്രകാശം ഉറക്കത്തെ വിപരീതമായി ബാധിക്കും. ഉറക്കത്തിന് സഹായകമാകുന്ന മെലാടോണിൻ എന്ന രാസപദാർഥം ശരീരത്തിൽ ഉത്‌പാദിപ്പിക്കുവാൻ പ്രകാശം തടസ്സമാകും എന്ന് മറക്കരുത്.👉ലൈറ്റ് ഓഫ് ചെയ്തുവെങ്കിലും ഉറങ്ങാൻ കിടക്കുന്നതിനു തൊട്ടുമുൻപ് വരെയുള്ള മൊബൈൽ ഫോണിന്റെ ഉപയോഗം കൊണ്ടും നേരത്തെ സൂചിപ്പിച്ച പ്രശ്നം ഉണ്ടാകാം. ഉറങ്ങുന്നതിന് ചുരുങ്ങിയത് മുക്കാൽ മണിക്കൂർ മുൻപെങ്കിലും ഫോൺ ഉപയോഗം അവസാനിപ്പിക്കുക.👉ചായ, കാപ്പി, കോള എന്നിവ ഉത്തേജന സ്വഭാവമുള്ള പാനീയങ്ങളാണ്. ഉറക്കത്തെ തടസ്സപ്പെടുത്തുന്നത് കൊണ്ട് രാത്രി ഉപയോഗം ഒഴിവാക്കുക. പകരം ആവശ്യത്തിന് മധുരം ചേർത്ത് ഇളം ചൂടുള്ള പാലിൻ വെള്ളം ഉപയോഗിക്കാം.👉ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഒരുപാട് വെള്ളം കുടിക്കരുത്. ഉറക്കം മുറിഞ്ഞു പോകുന്നത് ഒഴിവാക്കാം.👉രാത്രി ഭക്ഷണം നേരത്തെ കഴിക്കുക. 👉ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപ് അത്താഴം കഴിക്കുന്നു എന്ന് ഉറപ്പുവരുത്തുക. 👉പുളിച്ചുതികട്ടൽ, അസിഡിറ്റി എന്നിവ മൂലം ഉറക്കം നഷ്ടപ്പെടാതിരിക്കാൻ ഇത് പ്രയോജനപ്പെടും.👉ദഹിക്കാൻ എളുപ്പമുള്ള ലഘുവായ ആഹാരം അത്താഴത്തിന് തിരഞ്ഞെടുക്കാം. വറുത്തതും, പൊരിച്ചതും, മസാല ചേർത്ത് അളവിൽ കൂടുതലും, ദഹിക്കാൻ ബുദ്ധിമുട്ടുള്ളതുമായ ആഹാരം അത്താഴത്തിന് ഉപയോഗിക്കരുത്.👉തൈര്, പുളിയുള്ള പഴങ്ങൾ (ഓറഞ്ച്, മുസംബി, മുന്തിരി, പൈനാപ്പിൾ) പപ്പടം, കോഴിമുട്ട, മത്സ്യം, മാംസം, അച്ചാർ, കിഴങ്ങുവർഗങ്ങൾ എന്നിവ രാത്രി ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കുക.👉ഉറങ്ങുന്നതിനു മുൻപ് ഇഷ്ടമുള്ള മൃദുവായ സംഗീതം കേൾക്കുകയോ ഇഷ്ടമുള്ള പുസ്തകം വായിക്കുകയോ ചെയ്ത് മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *