സംസ്ഥാനത്ത് വരും മണിക്കൂറിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. കൂടാതെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. അതേസമയം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം മറ്റ് സ്ഥലങ്ങളിലേക്ക് മാറി താമസിക്കുക.മോൻത ചുഴലിക്കാറ്റ്മോൻത ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കഴിഞ്ഞ ദിവസം കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ശക്തമായ മഴയാണ് ഇന്നും പ്രതീക്ഷിക്കുന്നത്. മോൻത ചുഴലിക്കാറ്റ് ഇന്ന് കരതൊടുമെന്നാണ് മുന്നറിയിപ്പ്. ഇതിൻ്റെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ ശക്തമാകുക. മോന്ത കരതൊടുന്നതോടെ കിഴക്കൻ തീരത്ത് അതിശക്തമായ മഴയും കാറ്റും കടൽക്ഷോഭവും ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഒക്ടോബർ 26-നാണ് മോന്ത ചുഴലിക്കാറ്റ് രൂപംകൊണ്ടത്. ഇത് ഇന്ന് കലിംഗപട്ടണത്തിനും മച്ചിലിപട്ടണത്തിനും ഇടയിൽ കാക്കിനഡയ്‌ക്ക് സമീപമാണ് കരതൊടുക. ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ തീരദേശങ്ങളെ ചുഴലിക്കാറ്റ് ശക്തമായി ബാധിക്കുമെന്നാണ് പ്രവചനം. ഇതേതുടർന്ന് ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഒഡീഷ സംസ്ഥാനങ്ങൾക്ക് കാലാവസ്ഥാ വകുപ്പ് അതീവജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് സംസ്ഥാനങ്ങളിലെ സ്‌കൂളുകൾക്കും സർക്കാരുകൾ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

