ഇടയ്ക്കോട് എൽ പി സ്കൂളിൽ വർണ്ണക്കൂടാരം

Spread the love

മുദാക്കൽ ഗ്രാമപഞ്ചായത്തിലെ ഇടയ്ക്കോട് ഗവ. എൽപി സ്കൂളിൽ പുതുതായി നിർമ്മിച്ച വർണ്ണക്കൂടാരം വി.ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു. വർണ്ണക്കൂടാരം പോലെയുള്ള ഇടങ്ങൾ കുഞ്ഞുങ്ങളുടെ മികവ് വർദ്ധിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് എംഎൽഎ പറഞ്ഞു. 10 ലക്ഷം രൂപ വിനിയോ​ഗിച്ചാണ് സ്കൂളിൽ വർണ്ണക്കൂടാരം ഒരുക്കിയത്.കുഞ്ഞുങ്ങളുടെ വ്യത്യസ്ത വൈദഗ്ധ്യങ്ങൾ വികസിപ്പിക്കുന്നതിനായി 13 ഇടങ്ങളായാണ് വർണ്ണകൂടാരം ഒരുക്കിയിട്ടുള്ളത്. ഭാഷാവികാസയിടം, ഗണിതയിടം, വരയിടം, കുഞ്ഞരങ്ങ്, ആട്ടവും പാട്ടും, ശാസ്ത്രാനുഭവയിടം, ഹരിതോദ്യാനം, പഞ്ചേന്ദ്രിയാനുഭവയിടം, നിർമ്മാണയിടം, കരകൗശലയിടം, ഇ-ഇടം, അകം കളിയിടം, പുറം കളിയിടം എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠന സൗകര്യം ഒരുക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പരിപാടിയാണ് വർണ്ണക്കൂടാരം.സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മുദാക്കൽ പ്രസിഡൻ്റ് പള്ളിയറ ശശി അധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ജയശ്രീ, എസ്.എം.സി ചെയർമാൻ റ്റി.അനീഷ്, സമഗ്രശിക്ഷ കേരളം ഡിപിസി ബി.നജീബ്, മുദാക്കൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, അധ്യാപകർ, രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *