സിപിഐ പറണ്ടോട് ലോക്കൽ കമ്മിറ്റിയിലെ അമ്പതിലധികം പ്രവർത്തകരും നേതാക്കളും പാർട്ടി വിട്ടു
രാജിവച്ച പ്രവർത്തകർ മീനാങ്കൽ കുമാറിന്റെ രാഷ്ട്രീയ നിലപാടിനൊപ്പം നിൽക്കും
ആര്യനാട് ; ഒക്ടോബർ 22 : പറണ്ടോട് ലോക്കൽ കമ്മിറ്റിയിലെ പറണ്ടോട്, ചേരപ്പള്ളി, കീഴ്പാലൂർ ബ്രാഞ്ചുകളിലെ പാർട്ടി അംഗങ്ങൾ, എഐടിയുസി, ബഹുജന സംഘടന പ്രവർത്തകർ ഉൾപ്പെടെയുള്ള 50ലധികം പേർ കൂട്ടരാജി വച്ചു. സിപിഐ ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവർ രാജിവെച്ചവരിൽ ഉൾപ്പെടുന്നു.
രാജി പ്രഖ്യാപിച്ചത് പ്രത്യേക കൺവെൻഷൻ വിളിച്ചു ചേർത്താണ്. യോഗത്തിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറി വിഷ്ണു വി നായർ അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ എംഎസ് മനോഹരൻ, നസീം പറണ്ടോട്, സലാഹുദ്ദീൻ, എഐടിയുസി കൺവീനർ ചന്ദ്രബാബു എന്നിവർ സംസാരിച്ചു. പാർട്ടിയിൽ നിന്നും രാജിവച്ച പ്രവർത്തകർ മീനാങ്കൽ കുമാറിന്റെ രാഷ്ട്രീയ നിലപാടിനൊപ്പം നിൽക്കുമെന്ന് പ്രഖ്യാപിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളും 5 ബ്രാഞ്ച് സെക്രട്ടറിമാരും 100 പ്രവർത്തകരും നേരത്തെ രാജി വെച്ചിരുന്നു.