ഇന്ത്യയും കാനഡയും വീണ്ടും ഒന്നിക്കുന്നു
ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ നീണ്ട പ്രക്ഷുബ്ധതയ്‌ക്കൊടുവില്‍ ഇന്ത്യയും കാനഡയും വീണ്ടും ഒന്നിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ (സിഇപിഎ) ചര്‍ച്ചകള്‍ ആരംഭിക്കാന്‍ പോകുന്നുവെന്ന് ഇന്ത്യയും കാനഡയും അറിയിച്ചു. ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്ന ജി20 നേതാക്കളുടെ ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.2010ല്‍ ആരംഭിച്ച കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ 2022ല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, ക്രിട്ടിക്കല്‍, അപൂര്‍വ ധാതുക്കള്‍ തുടങ്ങിയ മേഖലകളിലും ടൂറിസം, നഗര അടിസ്ഥാന സൗകര്യങ്ങള്‍, പുനരുപയോഗ ഊര്‍ജം, ഖനനം തുടങ്ങിയ മേഖലകളിലും മെച്ചപ്പെട്ട സഹകരണം ചെലുത്തുന്നതിലേക്ക് എത്തിച്ചിരുന്നു. എന്നാല്‍ 2023ല്‍ കാനഡ ചര്‍ച്ചകള്‍ അവസാനിപ്പിച്ചു.2030 ഓടെ ഇരുരാജ്യങ്ങളും ഉഭയകക്ഷി വ്യാപാരം 50 ബില്യണ്‍ ഡോളറായി ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ട് വ്യാപാര കരാറില്‍ ഏര്‍പ്പെടുമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പുതുക്കിയ കരാറില്‍ ദീര്‍ഘകാല സിവില്‍ ആണവ സഹകരം കൂടുതല്‍ ആഴത്തിലുള്ളതാക്കും. കൂടാതെ യുറേനിയം വിതരണത്തിലുള്ള ക്രമീകരണത്തെ കുറിച്ചും ചര്‍ച്ചകള്‍ നടക്കും.അതേസമയം, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാനഡയില്‍ പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ തീവ്രവാദ സംഘവുമായി ബന്ധപ്പെട്ട ഇന്ത്യ ആശങ്കകള്‍ പങ്കുവെക്കുന്നുണ്ട്. ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് ഖലിസ്ഥാന്‍ ഭീഷണിയാണെന്ന് രാജ്യം വ്യക്തമാക്കുന്നു. പിന്നീട് ഖലിസ്ഥാന്‍ നേതാവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് ഈ കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണത്തോടെ 2023ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. എന്നാല്‍ ഈ വാദങ്ങളെല്ലാം ഇന്ത്യ തള്ളിക്കളഞ്ഞു.

