മൂന്നാറില്‍ 2000 കോടി രൂപയില്‍ കുറയാത്ത അനധികൃത ഭൂമി ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് കേരള ഹൈക്കോടതി
ഇടുക്കി: മൂന്നാറില്‍ 2000 കോടി രൂപയില്‍ കുറയാത്ത അനധികൃത ഭൂമി ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് കേരള ഹൈക്കോടതി. ഏലം കുത്തകപ്പാട്ട ഭൂമിയില്‍ റിസോര്‍ട്ടുകള്‍ക്ക് അനുമതി നല്‍കിയത് സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. ഇത് അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പള്ളിവാസലിലെ മകയിരം റിസോര്‍ട്ടിന് എന്‍ഒസി നല്‍കിയ നടപടിയില്‍ ജില്ലാ കലക്ടര്‍ക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദേശിച്ചെങ്കിലും സര്‍ക്കാര്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കിയതോടെ നടപടി മാറ്റിവെച്ചു.മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ക്കും നിര്‍മാണങ്ങള്‍ക്കുമെതിരെ വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സംഘടനയുടെ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. 2000 കോടിയോളം രൂപയുടെ അനധികൃത നിര്‍മാണങ്ങള്‍ നടന്നിട്ടും ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാത്തത് രാഷ്ടീയക്കാര്‍ ഉള്‍പ്പെട്ടതുകൊണ്ടല്ലേയെന്ന് കോടതി വാക്കാല്‍ ചോദിച്ചു. ദേവികുളം മുന്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ എഐ രവീന്ദ്രന്‍ 534 വ്യാജ പട്ടയങ്ങള്‍ നല്‍കിയത് കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. രവീന്ദ്രനെതിരെ വിജിലന്‍സ് അന്വേഷിച്ചതാണെന്നും അനധികൃത സമ്പാദ്യം കണ്ടെത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ മറുപടി നല്‍കി. ഗൂഢാലോചനക്കൊപ്പം അഴിമതി നിരോധന വകുപ്പിലെ വകുപ്പുകള്‍ കൂടി ചേര്‍ത്ത് പുനരന്വേഷണ സാധ്യതയാണ് തേടുന്നതെന്ന് കോടതി മറുപടി നല്‍കി. പള്ളിവാസിലിലെ മകയിരം റിസോര്‍ട്ടിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്കെതിരെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അന്വേഷണത്തിന് കോടതി നിര്‍ദേശിച്ചെങ്കിലും കലക്ടറുടെ ഇടപെടല്‍ സര്‍ക്കാര്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കിയതോടെ നടപടി മാറ്റിവെച്ചു.