2034ലെ ലോകകപ്പ് സൗദി അറേബ്യയിൽ
2022ല്‍ ഖത്തര്‍ ആതിഥേയത്വം വഹിച്ചതിന് ശേഷം വീണ്ടും ഗള്‍ഫ് മേഖലയില്‍ ലോകകപ്പ് ഫുട്‌ബോള്‍ നടത്താന്‍ ഒരുങ്ങുകയാണ് ഫിഫ. 2034ലെ ലോകകപ്പ് സൗദി അറേബ്യയിലും 2030ലേത് സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നിവിടങ്ങളിലും നടക്കുമെന്ന് വെര്‍ച്വല്‍ ഫിഫ കോണ്‍ഗ്രസ് യോഗത്തിനൊടുവില്‍ പ്രഖ്യാപിച്ചു. അതേസമയം 2027ലെ വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകുന്നത് ബ്രസീലായിരിക്കും.
ഏഷ്യക്ക് ആതിഥേയത്വത്തിന് അവസരം ലഭിക്കുന്ന 2034-ലെ ലോകകപ്പിന് സൗദി മാത്രമാണ് രംഗത്തുണ്ടായിരുന്നത്. ആദ്യഘട്ടത്തില്‍ ഓസ്‌ട്രേലിയയും ഇന്‍ഡോനീഷ്യയും താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഒടുവില്‍ പിന്‍മാറാന്‍ തീരുമാനിച്ചു. 2030ല്‍ മൂന്നു മത്സരങ്ങള്‍ക്ക് അരങ്ങൊരുങ്ങുക സൗത്ത് അമേരിക്കന്‍ രാജ്യങ്ങളായ യുറഗ്വായ്, അര്‍ജന്റീന, പാരഗ്വായ് എന്നിവിടങ്ങളിലാണ്.
ഉറുഗ്വായില്‍ നടന്ന ആദ്യലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ചാണ് ഈ തീരുമാനം. 2026 ലെ ലോകകപ്പ് കാനഡ, മെക്സികോ, അമേരിക്ക എന്നിവിടങ്ങളിലായാണ് നടക്കുന്നത്.