തായ‌്വാനിൽ ശക്തമായ ഭൂചലനം : സുനാമി മുന്നറിയിപ്പ്
തായ‌്വാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കെട്ടിടങ്ങൾക്ക് നാശം സംഭവിച്ചു. ഹുവാലിൻ നഗരത്തിൽ നിന്ന് 18 കിലോമീറ്റർ തെക്ക് മാറിയാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. തലസ്ഥാനമായ തായ്പേയിലും ഭൂചലനം അനുഭവപ്പെട്ടു.ഭൂകമ്പത്തിൽ തായ്‌വാനിലെ ഹുവാലിനിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. ഒരുപാട് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സീഡ് ട്രെയിൻ സർവീസ് നിർത്തി. ഭൂഗർഭ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആളുകൾ പുറത്തിറങ്ങുന്നതിൻ്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടതായി അന്താരാഷ്ട്ര വാർത്ത ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.തായ‌്വാനിലെ ഭൂകമ്പ നിരീക്ഷണ ഏജൻസി 7.2 തീവ്രത രേഖപ്പെടുത്തിയപ്പോൾ യുഎസ് ജിയോളജിക്കൽ സർവേ ഇത് 7.4 ആയി രേഖപ്പെടുത്തി. തായ‌്വാനിൽ 25 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പമായാണിത്. ഹുവാലിൻ കൗണ്ടി ഹാളിൽ നിന്ന് 25.0 കിലോമീറ്റർ തെക്ക്- തെക്കുകിഴക്കായി പസഫിക് സമുദ്രത്തിൽ 15.5 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം സ്ഥിതിചെയ്യുന്നതെന്ന് സെൻട്രൽ ന്യൂസ്ഏജൻസി റിപ്പോർട്ട് ചെയ്തു.