കണ്ണൂരിൽ സിപിഎം എതിരില്ലാതെ വിജയിച്ചിടത്ത് നോമിനേഷൻ വിലക്കെന്ന് ഇലക്ഷൻ കമ്മിഷന് പരാതി

Spread the love

കണ്ണൂർ ജില്ലയിലെ ആന്തൂർ നഗര സഭയിലും മലപ്പട്ടം പഞ്ചായത്തിലും രണ്ടു വീതം വാർഡുകളിൽ സിപിഎം സ്ഥാനാർത്ഥികൾ മറ്റ് ആരും നോമിനേഷൻ നൽകാത്തതിനാൽ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടതിൽ നോമിനേഷൻ വിലക്കെന്ന് കാണിച്ച് ഇലക്ഷൻ കമ്മിഷന് മുന്നിൽ പരാതി.ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച് പരാതി സംസ്ഥാന ഇലക്ഷൻ കമ്മീഷണർ എ. ഷാജഹാന് നൽകിയത്.ആന്തൂർ നഗരസഭയിലെ മൊറാഴ, പൊടിക്കുന്ന് വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ അടുവാപുറം നോർത്ത്, സൗത്ത് വാർഡുകളിലാണ് സിപിഎം മറ്റ് സ്ഥാനാർത്ഥികൾ നോമിനേഷൻ നൽകാത്തതിനാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഇവിടെ സിപിഎം പ്രവർത്തകർ മറ്റ് വ്യക്തികൾക്ക് നോമിനേഷൻ നൽകുവാൻ സമ്മതിക്കാതെ ഭീഷണി സംഘടിതമായി നടത്തിയതു കാരണമാണ് സ്ഥാനാർത്ഥികളാകുവാൻ ആഗ്രഹിച്ചവർക്ക് നോമിനേഷൻ കൊടുക്കുവാൻ കഴിയാത്തതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. സിപിഎം ന്റെ നോമിനേഷൻ വിലക്ക് ഭീഷണി പുറത്ത് പറഞ്ഞാലോ പരാതി നല്കിയാലോ നാട്ടിൽ ജീവിക്കുവാൻ അനുവദിക്കില്ലെന്നും ഭാര്യമാരേയും കുട്ടികളെയും വകവരുത്തുമെന്ന സംഘടിത ഭീഷണിയാണ് സ്ഥാനാർത്ഥികളാകുവാൻ മറ്റാരും മുന്നോട്ട് വരാത്തത്. ജനാധിപത്യ ഇലക്ഷനിൽ പരസ്യമായോ രഹസ്യമായോ നോമിനേഷൻ നൽകുന്ന പ്രവൃത്തിയിൽ നിന്നും പൗരന്മാരെ ഭീഷണിപ്പെടുത്തി തടയുന്നതും വിലക്കുന്നതും കുറ്റകരമായ പ്രവൃത്തിയാണ്. ഇവിടെ ഭയരഹിതമായ നോമിനേഷൻ സ്വാതന്ത്ര്യം ഇല്ലാതിരുന്നത് അതീവ ഗൗരവപരമാണ്. മത്സരിക്കുവാനുള്ള സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിലൂടെ നേടിയ വിജയം നിയമപരമായി അസാധുവാക്കുവാൻ തെളിവുകളും മൊഴികളുമുണ്ടെങ്കിൽ നിയമത്തിന് സാധിക്കുന്നതാണ്. നോമിനേഷൻ നൽകിയവരെ ചിലയിടങ്ങളിൽ ഭീഷണിപ്പെടുത്തി പിൻവലിക്കുവാൻ ശ്രമങ്ങളും സിപിഎം നടത്തുന്നു. ഭീഷണി ഉയർത്തിയുള്ള നോമിനേഷൻ വിലക്ക് പ്രസ്തുത മേഖലകളിലെ വോട്ടർമാരോട് നീതിപൂർവ്വം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ നിയമിച്ച് അന്വേഷിച്ചാൽ കമ്മീഷൻ ബോധ്യമാകുമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് പരാതിയിൽ വ്യക്തമാക്കുന്നു. എതിരില്ലാതെ വിജയം ജനാധിപത്യത്തിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നതാണെന്നും ഇത്തരം നടപടികൾ കണ്ടില്ലെന്ന് നടിക്കുന്നത് ജനാധിപത്യത്തെ അപകടത്തിലാക്കുമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *