എംഡിഎംഎ കടത്തിന് സ്ത്രീകള്‍, രണ്ടാഴ്ചക്കിടെ രാസ ലഹരിയുമായി അറസ്റ്റ് ചെയ്തത് 2 യുവതികളെ

Spread the love

കോഴിക്കോട് : രാസലഹരി സംഘങ്ങള്‍ക്കെതിരായ പരിശോധനയും നടപടികളും ശക്തമായതോടെ ലഹരിക്കടത്തിന് സ്ത്രീകളെ ഉപയോഗിക്കുന്ന രീതിയും ഏറി വരികയാണ്. കോഴിക്കോട് റൂറല്‍ പരിധിയില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ രണ്ട് സ്ത്രീകളെയാണ് രാസ ലഹരിയുമായി അറസ്റ്റ് ചെയ്തത്.കോഴിക്കോട് നാദാപുരത്ത് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാസലഹരിയായ എംഡിഎംഎയുമായി മുഹമ്മദ് ഹിജാസ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കാറില്‍ കടത്തുകയായിരുന്ന 32 ഗ്രാം എം ഡി എം എയുമായി ഇയാളെ നാദാപുരം പോലീസ് പിടികൂടുമ്പോള്‍ കൂടെ വയനാട് കമ്പളക്കാട് സ്വദേശി അഖിലയും ഉണ്ടായിരുന്നു. വടക്കന്‍ കേരളത്തിലെ ലഹരിക്കടത്ത് സംഘത്തിലെ കണ്ണിയായ ഹിജാസ് സൗഹൃദം മുതലെടുത്താണ് അഖിലയെ ലഹരിക്കടത്തിനായി ഉപയോഗിച്ചതെന്നാണ് വിവരം. ആഗസ്റ്റ് 28ന് തിരുവമ്പാടിയിലുണ്ടായ സംഭവവും സമാന രീതിയിലായിരുന്നു. നിരവധി ലഹരിക്കേസുകളില്‍ പ്രതിയായ വാവാട് സ്വദേശി വിരലാട്ട് മുഹമ്മദ് ഡാനിഷിനൊപ്പം പിടിയിലായത് കൈതപ്പൊയില്‍ ആനോറമ്മല്‍ ജിന്‍ഷ എന്ന യുവതിയായിരുന്നു. ആനക്കാംപൊയിലിലെ റിസോര്‍ട്ടിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.സംശയം തോന്നാതിരിക്കാനും വാഹന പരിശോധനയില്‍ നിന്നും മറ്റും രക്ഷപ്പെടാനുമാണ് സ്വര്‍ണക്കടത്തിലേതിന് സമാനമായ രീതിയില്‍ ലഹരിക്കടത്തിലും സ്ത്രീകളെ ഉപയോഗിക്കുന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *