നാല് പുതിയ സസ്യ ഇനങ്ങളെ കണ്ടെത്തി കർണാടക സർവകലാശാലയിലെ ഗവേഷണ സംഘം

Spread the love

ബെംഗളൂരു: നാല് പുതിയ സസ്യ ഇനങ്ങളെ കണ്ടെത്തി കർണാടക സർവകലാശാലയിലെ ഗവേഷണ സംഘം. ധാർവാഡിലെ കർണാടക സർവകലാശാല ബോട്ടണി വിഭാഗം പ്രൊഫസർ കൊട്രേഷ് കത്രൽഹള്ളിയും സംഘവുമാണ് പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. പശ്ചിമഘട്ട മേഘലയായ ഉത്തര കന്നഡ, ശിവമോഗ, ചിക്കമഗളൂരു ജില്ലകളിൽ നടത്തിയ ഗവേഷണത്തിനിടെയാണ് പുതിയ സസ്യ ഇനങ്ങളെ കണ്ടെത്തിയത്. ഒബിറോനോണിയ മാർക്യൂലിയൻസിസ്, ജുക്‌സേനിയ സീതാരാമി, ഫരാസോബിയ ഗോറെൻസിസ്, യുട്രിക്യുലേറിയ കുമെറ്റെൻസിസ് എന്നീ പുതിയ സസ്യയിനങ്ങളെയാണ് തിരിച്ചറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധം അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ഫൈറ്റോടാക്‌സയുടെ 2024–25 പതിപ്പിൽ പ്രസിദ്ധീകരിച്ചു.ശിവമോഗ ജില്ലയിലെ സാഗര താലൂക്കിലെ മാർക്യൂലി ഗ്രാമത്തിൽ നിന്ന് ശ്രേയസും കൊട്രേഷും ചേർന്നാണ് ഒബിറോനോണിയ മാർക്യൂലിയൻസിസ് കണ്ടെത്തിയത്. ഉത്തര കന്നഡ ജില്ലയിലെ കാളി ടൈഗർ റിസർവിൽ നിന്ന് ജുക്‌സേനിയ സീതാരാമിയും സംഘവും കണ്ടെത്തി. ഉത്തര കന്നഡ ജില്ലയിലെ കുമ്ട താലൂക്കിലെ ഗോരെ ഗുഡ്ഡയിൽ നിന്നാണ് ഫരാസോബിയ ഗോറെൻസിസ് കണ്ടെത്തിയത്. പാടഗർ, ബെട്ടഗേരി, കൊട്രേഷ് എന്നിവരാണ് ഈ കണ്ടെത്തലിൻ്റെ പിന്നിൽ പ്രവർത്തിച്ചത്. ഉത്തര കന്നഡ ജില്ലയിലെ കനോജിൽ നിന്ന് ഇതേ സംഘം യുട്രിക്യുലേറിയ കുമെറ്റെൻസിസ് എന്ന സസ്യയിനവും കണ്ടെത്തി.ലോകമെമ്പാടും ഏകദേശം 30 ലക്ഷം സസ്യയിനങ്ങൾ നിലവിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവയിൽ ഏകദേശം 3,50,000 ഇനം സസ്യയിനങ്ങളെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 26.50 ലക്ഷം സസ്യയിനങ്ങളെ ഇനിയും ശാസ്ത്രീയമായി വർഗ്ഗീകരിക്കേണ്ടതുണ്ടെന്ന് പ്രൊഫസർ കൊട്രേഷ് കത്രൽഹള്ളി പറഞ്ഞു. ഇതേ ഗവേഷണ സംഘം ഇതിന് മുൻപ് കർണാടകയിലെ ബീദർ, കലബുറഗി, ഗദഗ്, ഹാവേരി, റായ്ച്ചൂർ, ബെലഗാവി, കൊപ്പൽ, ബല്ലാരി എന്നീ എട്ട് ജില്ലകളിൽ സസ്യശാസ്ത്ര സർവേകൾ പൂർത്തിയാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *