നിഖില്‍ തോമസ് പാര്‍ട്ടിയോട് ചെയ്തത് കൊടും ചതിയെന്ന് സി.പി.എം
ആലപ്പുഴ: നിഖില്‍ തോമസ് പാര്‍ട്ടിയോട് ചെയ്തത് കൊടും ചതിയെന്ന് സി.പി.എം. കായംകുളം ഏരിയാ സെക്രട്ടറി പി. അരവിന്ദാക്ഷന്‍. നടപടിയെടുക്കേണ്ട കാര്യമാണെങ്കില്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിഖിലിനെ ബോധപൂര്‍വം പാര്‍ട്ടിക്കാര്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും അരവിന്ദാക്ഷന്‍ വ്യക്തമാക്കി.ബി.കോം. ജയിക്കാത്ത ഒരാള്‍ക്ക് എം.കോമിന് അഡ്മിഷന്‍ കിട്ടിയെന്നത് ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണ്. പൊതുസമൂഹത്തിന് അംഗീകരിക്കാനാവാത്ത കാര്യം സി.പി.എമ്മിനും അംഗീകരിക്കാനാവില്ല. നിഖില്‍ തോമസ് പാര്‍ട്ടി മെമ്പറാണ്. വ്യാജ ഡിഗ്രി വിവാദത്തില്‍ പാര്‍ട്ടി തലത്തില്‍ ഒരന്വേഷണവും പരിശോധനയും ഉണ്ടാവുമെന്നും ഏരിയാ സെക്രട്ടറി പറഞ്ഞു.അതിനിടെ ജില്ലാ സി.പി.എമ്മിലെ വിഭാഗീയതയില്‍ നേതാക്കള്‍ക്കെതിരേ ജില്ലാ സെക്രട്ടേറിയറ്റ് എടുത്ത നടപടികള്‍ ഇന്നുചേരുന്ന ജില്ലാ കമ്മിറ്റിയില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വിശദീകരിക്കും. ജില്ലയിലെ സമ്മേളനങ്ങളിലുണ്ടായ വിഭാഗീയത അന്വേഷിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു കടുത്ത നടപടികളിലേക്ക് ജില്ലാ സെക്രട്ടേറിയറ്റ് കടന്നത്. എസ്.എഫ്.ഐ. നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി വിവാദവും യോഗത്തില്‍ ചര്‍ച്ചയാവും.വിഭാഗീയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ആലപ്പുഴ സി.പി.എമ്മില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ.യെയും എം. സത്യപാലനെയും കഴിഞ്ഞദിവസം ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. നിരോധിത പുകയില ഉത്പന്നക്കടത്തുമായി ബന്ധപ്പെട്ട് നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ എ. ഷാനവാസിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. മൊത്തം നാല്‍പതോളം പേര്‍ക്കെതിരെ നടപടിയെടുത്തു. കൂടാതെ ആലപ്പുഴ നോര്‍ത്ത്, സൗത്ത്, ഹരിപ്പാട് ഏരിയാ കമ്മിറ്റികള്‍ പിരിച്ചുവിടുകയും ചെയ്തു.