വിമാനത്താവളങ്ങൾക്കുള്ള സ്റ്റാൻഡേർഡ് ടേംസ് ഓഫ് റഫറൻസ് നൽകാൻ കേന്ദ്ര അനുമതി
തിരുവനന്തപുരം: വിമാനത്താവളങ്ങൾക്കുള്ള സ്റ്റാൻഡേർഡ് ടേംസ് ഓഫ് റഫറൻസ് (ടിഒആർ – TOR) നൽകാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ സമിതി ശുപാർശ ചെയ്തതോടെ ശബരിമല വിമാനത്താവളം പദ്ധതി ഒരു ചുവട് കൂടി മുന്നോട്ട്. 3411 കോടി രൂപ ചെലവുള്ള പദ്ധതിക്ക് കെഎസ്ഐഡിസിയാണ് അനുമതി തേടിയിരിക്കുന്നത്.ടിഒആർ ലഭിക്കുന്ന മുറയ്ക്ക് കെഎസ്ഐഡിസിക്ക് പരിസ്ഥിതി ആഘാത പഠനത്തിനുള്ള പദ്ധതിയും രൂപരേഖയും തയാറാക്കാം. ഇതാണ് അടുത്ത ഘട്ടം.കോട്ടയം ജില്ലയിലെ എരുമേലിയിലുള്ള ചെറുവള്ളി എസ്റ്റേറ്റിലെ 2570 ഏക്കർ സ്ഥലത്ത് വിമാനത്താവളം നിർമിക്കാനാണ് പദ്ധതി.ശബരിമല തീർഥാടകരെയും, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലേക്കു വരുന്ന വിനോദ സഞ്ചാരികളെയും ലക്ഷ്യമിട്ടാണ് വിമാനത്താവളം പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.ആകെ നാലു പ്രദേശങ്ങൾ ഇതിനായി കണ്ടെത്തിയിരുന്നെങ്കിലും ചെറുവള്ളി എസ്റ്റേറ്റാണ് ഏറ്റവും മികച്ചതായി വിലയിരുത്തപ്പെടുന്നത്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലയ്ക്കു പുറത്താണിതെന്നു കാണിക്കുന്ന സംസ്ഥാന അഡീഷനൽ ചീഫ് സെക്രട്ടറിയുടെ (ആഭ്യന്തരം, പരിസ്ഥിതി) സാക്ഷ്യപത്രവും കെഎസ്ഐഡിസി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പരിഗണനയ്ക്കു സമർപ്പിച്ചിരുന്നു.നിർദിഷ്ട പദ്ധതി പ്രദേശത്തിന്‍റെ പത്തു കിലോമീറ്റർ ചുറ്റളവിനു പുറത്താണ് പെരിയാർ കടുവാ സങ്കേതത്തിന്‍റെ പരിസ്ഥിതി ലോല മേഖല സ്ഥിതി ചെയ്യുന്നത്. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം ഗ്രീൻഫീൽഡ് എയർപോർട്ടിനുള്ള പദ്ധതി പ്രദേശത്തിന് സൈറ്റ് ക്ലിയറൻസ് നൽകിയതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വാഗതം ചെയ്തിരുന്നു.വിശദമായ പദ്ധതി രേഖ (ഡീറ്റെയിൽഡ് പ്രോജക്റ്റ് റിപ്പോർട്ട് – ഡിപിആർ) തയാറാക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം കെഎസ്ഐഡിസിയോടു നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.