നരേന്ദ്ര മോദി സര്‍ക്കാരിനെതിരെയുള്ള കര്‍ഷകരുടെ രണ്ടാം ഘട്ട പോരാട്ടത്തിന് ഇന്ന് തുടക്കം

Spread the love

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെയുള്ള കര്‍ഷകരുടെ രണ്ടാം ഘട്ട പോരാട്ടത്തിന് ഇന്ന് തുടക്കം. ഇതിന്റെ ഭാഗമായി ഡല്‍ഹി രാംലീല മൈതാനിയില്‍ ലക്ഷക്കണക്കിന് കര്‍ഷകര്‍ അണിനിരക്കുന്ന മഹാപഞ്ചായത്ത് സംഘടിപ്പിക്കും. രാവിലെ 10 മുതല്‍ 3.30 വരെയാണ് ‘കര്‍ഷക മഹാപഞ്ചായത്ത്’. 2021 ഡിസംബര്‍ 9 ന് സംയുക്ത കിസാന്‍ മോര്‍ച്ചയ്ക്ക് രേഖാമൂലം നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നും, കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളണമെന്നും കര്‍ഷക നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും.രണ്ടര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യതലസ്ഥാനത്തേക്ക് വീണ്ടും കര്‍ഷക പ്രതിഷേധം ഇരമ്പുന്നത്. മിനിമം താങ്ങുവിലയ്ക്ക് നിയമപരിരക്ഷ നല്‍കുക, വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി രൂപീകരിച്ച കമ്മിറ്റി പിരിച്ചുവിട്ട് കര്‍ഷക നേതാക്കളെ ഉള്‍പ്പെടുത്തി പുതിയ കമ്മിറ്റിയുണ്ടാക്കുക, എല്ലാ കാര്‍ഷിക ലോണുകളും എഴുതിത്തള്ളുക, കര്‍ഷകരുടെ നടുവൊടിക്കുന്ന വൈദ്യുതി ബില്‍ അടിയന്തരമായി പിന്‍വലിക്കുക, ലഖീംപൂര്‍ഖേരി കര്‍ഷക കൂട്ടക്കൊലയുടെ മുഖ്യസൂത്രധാരനായ കേന്ദ്രആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ ക്യാബിനറ്റില്‍ നിന്ന് പുറത്താക്കി അറസ്റ്റ് ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് മഹാപഞ്ചായത്ത് നടക്കുക.നേരത്തേ കര്‍ഷക നിയമം റദ്ദാക്കണമെന്നതുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി ഒരു വര്‍ഷത്തോളം കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രക്ഷോഭം നയിച്ചിരുന്നു. എംഎസ്പി പാനല്‍ രൂപീകരിക്കുന്നതും കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുന്നതും ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ ഉറപ്പിനെ തുടര്‍ന്നായിരുന്നു പ്രക്ഷോഭം അവസാനിപ്പിച്ചത്. എന്നാല്‍ വാഗ്ദാനം ചെയ്ത ഉറപ്പുകള്‍ ഒന്നും പാലിക്കപ്പെട്ടില്ലെന്ന് കഴിഞ്ഞ ദിവസം നേതാക്കള്‍ വിമര്‍ശിച്ചു.അതേസമയം, കര്‍ഷകരുടെ മഹാപഞ്ചായത്ത് കണക്കിലെടുത്ത് കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സെന്‍ട്രല്‍ ജില്ലാ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ സെയ്ന്‍ പറഞ്ഞു. ഡല്‍ഹി പൊലീസിന്റെയും അര്‍ദ്ധസൈനിക വിഭാഗത്തിന്റെയും 25 കമ്പനികളെ വിന്യസിച്ചിട്ടുണ്ട്. ജില്ലയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കും. പിക്കറ്റുകള്‍ സ്ഥാപിച്ച് വാഹനങ്ങള്‍ പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *