കഠിനംകുളം കൊലപാതകം ; യുവതിയുടെ ഇൻസ്റ്റാഗ്രാം ഫ്രണ്ടായ പ്രതി ഫിസിയോ തെറാപ്പിസ്റ്റ്

Spread the love

കഠിനംകുളത്ത് വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഫിസിയോ തെറാപ്പിസ്റ്റ്. പ്രതിക്ക് എറണാകുളത്തും കൊല്ലത്തും സുഹൃത്തുക്കളുണ്ട് എന്നും പൊലീസ് കണ്ടെത്തി. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. യുവതിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമായ ജോൺസൺ ആണ് കൃത്യം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശിനി ആതിരയാണ് കൊല്ലപ്പെട്ടത്.

ഒരു വർഷക്കാലമായി കൊല്ലപ്പെട്ട യുവതിയുമായി അടുപ്പത്തിലായിരുന്ന ഇയാൾ യുവതിയിൽ നിന്നും പണം തട്ടിയിരുന്നു. ആദ്യം ഒരു ലക്ഷത്തോളം രൂപ യുവതി ജോൺസന് നൽകിയിരുന്നു. കൃത്യത്തിന് മൂന്ന് ദിവസം മുമ്പ് 2500 രൂപ പ്രതി യുവതിയുടെ പക്കൽ നിന്നും വാങ്ങി. യുവതിയുടെ ചിത്രങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്താണ് കൂടുതൽ പണം തട്ടിയത്. പിന്നീട് തന്റെ ഒപ്പം വരണമെന്ന് പ്രതി ആവശ്യപ്പെട്ടെങ്കിലും യുവതി വിസമ്മതിക്കുകയായിരുന്നു. ഈ ദേഷ്യത്തിലാണ് പ്രതി കൃത്യം നടത്തിയത്.

യുവതിയുടെ വീട്ടിലെത്തി ബോധംകെടുത്തിയ ശേഷം കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു. കത്തിയുമായി പ്രതി പോകുന്നതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി യുവതിയുടെ വീട്ടിലെ സ്കൂട്ടറെടുത്താണ് രക്ഷപ്പെട്ടത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ വാഹനം വച്ച ശേഷം ട്രെയിൻ കയറി തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. യുവതിയുടെ വീടിന് തൊട്ടടുത്ത ക്ഷേത്രത്തിൽ പൂജാരിയായ ആതിരയുടെ ഭർത്താവ് പൂജ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കൊലപാതകം വിവരം അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *