നിയമസഭയിലെ സ്പീക്കറുടെ ഓഫീസിനു മുന്നിലെ കൈയാങ്കളി; അന്വേഷണത്തിന് അനുമതിതേടി പോലീസ്
തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിനു മുന്നില്‍നടന്ന കൈയാങ്കളിയെപ്പറ്റി അന്വേഷിക്കാന്‍ അനുമതിതേടി മ്യൂസിയം പോലീസ് നിയമസഭാ സെക്രട്ടറിക്ക് കത്തുനല്‍കി. എം.എല്‍.എ.മാരുടെ മൊഴിയെടുക്കാനും സഭയ്ക്കകത്ത് അന്വേഷണം നടത്താനുമാണ് അനുമതിതേടിയത്.സഭാ സെക്രട്ടറി സ്ഥലത്തില്ലാതിരുന്നതിനാല്‍ ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ എടുത്തിട്ടില്ല. ഇതേപ്പറ്റി ആലോചിക്കാന്‍ സ്പീക്കര്‍ നിയമസഭയിലെ കക്ഷിനേതാക്കളുടെ യോഗം വിളിക്കാനും സാധ്യതയുണ്ട്. അന്വേഷണത്തിന് അനുമതി നല്‍കിയാല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷനീക്കം. യു.ഡി.എഫ്. എം.എല്‍.എ.മാര്‍ക്കെതിരേ എടുത്തത് കള്ളക്കേസാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.0സംഘര്‍ഷത്തിന്റേതായി ദൃശ്യമാധ്യങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വന്ന ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. പരാതി നല്‍കിയ വാച്ച് ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥരുടെയും ചികിത്സിച്ച ഡോക്ടര്‍മാരുടെയും മൊഴിയെടുത്തു കഴിഞ്ഞിട്ടില്ല.ബുധനാഴ്ചനടന്ന സംഘര്‍ഷത്തില്‍ രണ്ടുകേസുകളിലായി പ്രതിപക്ഷത്തെ ഏഴും ഭരണപക്ഷത്തെ രണ്ടും എം.എല്‍.എ.മാരും അഡീഷണല്‍ ചീഫ് മാര്‍ഷലും വാച്ച് ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥരും പ്രതികളാണ്. ഇതില്‍ പ്രതിപക്ഷ എം.എല്‍.എ.മാര്‍ക്കെതിരേ കലാപനീക്കം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്.സംഘര്‍ഷത്തില്‍ കൈക്ക് പരിക്കേറ്റ കെ.കെ. രമ എം.എല്‍.എ. പോലീസ് മേധാവിക്ക് നല്‍കിയ പരാതി ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിന് കൈമാറിയിരുന്നു. ഈ പരാതിയും മ്യൂസിയം പോലീസിന് കൈമാറും.തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനെതിരേ രമ സൈബര്‍ സെല്ലിന് പരാതിനല്‍കിയെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല. പ്രാഥമികാന്വേഷണം നടക്കുകയാണെന്നാണ് സൈബര്‍ സെല്ലിന്റെ വിശദീകരണം.