ബിവറേജസ് ഔട്ട് ലെറ്റിലെ ഉദ്യോഗസ്ഥർക്ക് പാരിതോഷികമായി നൽകാൻ സ്വകാര്യ മദ്യ കമ്പനി എത്തിച്ച 50000/- രൂപ വിജിലൻസ് പരിശോധനയിൽ പിടിച്ചെടുത്തു
ഇടുക്കി ജില്ലയിലെ ബിവറേജസ് ഔട്ട് ലെറ്റുകളിൽ സ്വകാര്യ മദ്യ കമ്പനികളുടെ ചില ബ്രാൻഡുകളിൽപ്പെട്ട മദ്യത്തിന്റെ വിൽപന പ്രേത്സാസാഹിപ്പിക്കുന്നതിനായി ബിവറേജസ് ഔട്ട് ലെറ്റിലെ ഉദ്യോഗസ്ഥർക്ക് സ്വകാര്യ മദ്യ കമ്പനികൾ അനധികൃതമായി പണം നൽകുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിലെ കൊച്ചറ ബിവറേജസ് ഔട്ട് ലെറ്റിൽ വിജിലൻസ് ഇന്ന് (21.08.2025) ഒരു മിന്നൽ പരിശോധന നടത്തി. ഓണ നാളുകളിലെ ഉയർന്ന മദ്യ കച്ചവടം കണക്കിലെടുത്ത് സ്വകാര്യ മദ്യ കമ്പനികളുടെ ചില ബ്രാൻഡിൽപ്പെട്ട മദ്യ കുപ്പികൾക്ക് കൂടുതൽ വിൽപ്പന ലഭിക്കുന്നതിനായി ബിവറേജസ് ഔട്ട് ലെറ്റുകളിൽ മുൻ നിരയിൽ പ്രദർശിപ്പിക്കുന്നതിനും, ചില ബ്രാൻഡിൽപ്പെട്ട മദ്യത്തിന്റെ വിൽപ്പന വർദ്ധിപ്പിക്കുന്നതിന് ഉദ്യോഗസ്ഥർ പ്രത്യേക താൽപ്പര്യം കാണിക്കാനും വേണ്ടിയാണ് സ്വകാര്യ മദ്യ കമ്പനികൾ ബിവറേജസ് ഔട്ട് ലെറ്റുകളിലെ ഉദ്യോഗസ്ഥർക്ക് അനധികൃതമായി പണം പാരിതാഷികമായി നൽകി വരുന്നതെന്ന് വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ, കൊച്ചറ ബിവറേജസ് ഔട്ട് ലെറ്റിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനകത്ത് നിന്നും സ്വകാര്യ മദ്യ കമ്പനിയിലെ ജീവനക്കാരെയും കൊച്ചറ ബിവറേജസ് ഔട്ട് ലെറ്റിന്റെ താൽക്കാലിക ഷോപ്പ് ഇൻ ചാർജ്ജ് വഹിക്കുന്ന എൽ.ഡി ക്ലർക്കിനെയും പിടികൂടുകയും, പാരിതോഷികമായി ഉദ്യോഗസ്ഥർക്ക് നൽകാനായി എത്തിച്ച 50000/- രൂപ കാറിനുള്ളിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു. കാറിനകത്തുണ്ടായിരുന്ന സ്വകാര്യ മദ്യ കമ്പനികളുടെ ജീവനക്കാരുടെ പക്കൽ നിന്നും ഇടുക്കി ജില്ലയിലെ മറ്റ് 12 ബീവറേജസ് ഔട്ട് ലെറ്റുകളിൽ 81,130/- രൂപ വിതരണം ചെയ്തതിന്റെ വിവരങ്ങളടങ്ങിയ രേഖകളും വിജിലൻസ് പിടിച്ചെടുത്തു. രാവിലെ 11.30 ന് ആരംഭിച്ച മിന്നൽ പരിശോധന വൈകിട്ട് 03.30 ന് അവസാനിച്ചു.