ലക്ഷങ്ങളുടെ കൊള്ള: തൃക്കാക്കര നഗരസഭയിലെ യുഡിഎഫ് ഭരണ സമിതിയുടെ ഞെട്ടിക്കുന്ന ക്രമക്കേടുകൾ പുറത്ത്

Spread the love

തൃക്കാക്കര നഗരസഭയിലെ യുഡിഎഫ് ഭരണ സമിതിയുടെ ഞെട്ടിക്കുന്ന ക്രമക്കേടുകളാണ് ഓഡിറ്റ് റിപ്പോർട്ടിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഓണ പരിപാടിയുടെ മറവിൽ നടന്നത് ലക്ഷങ്ങളുടെ കൊള്ള. നഗരസഭ ചട്ടങ്ങൾ ലംഘിച്ച് നടത്തിയ ക്രമക്കേടുകളും നിരവധി. ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം.

യുഡിഎഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭ നടപ്പിലാക്കിയ ഒട്ടുമിക്ക പദ്ധതികളിലും ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ടിലൂടെ
വ്യക്തമാകുകയാണ്. ചെക്കുകൾ സംബന്ധിച്ചും, 2023ലെ ഓണാഘോഷ പരിപാടിയുടെ മറവിലും വലിയ അഴിമതി നടന്നു. പദ്ധതിക്കായി ചിലവഴിച്ച തുകയുടെ ബില്ലുകളിൽ പലതിലും വ്യക്തതയില്ല. ഓണാഘോഷ പരിപാടികളില്‍ വിവിധ കമ്മറ്റികള്‍ക്ക് 22.25 ലക്ഷം രൂപ പണമായി നല്‍കി. എന്നാല് പണം ആര് കൈപ്പറ്റി എന്നതിന് തെളിവില്ല. ഉദ്യോഗസ്ഥരുടെ മേൽ യാതൊരു നിയന്ത്രണവും ഇല്ലാത്തതാണ് വൻ അഴിമതിക്ക് കാരണം എന്ന് എൽഡിഎഫ് കൗൺസിലർ ലിജോ ചിങ്ങംതറ പറഞ്ഞു.

നഗരസഭയിൽ 7.5 കോടി രൂപ കാണാനില്ലെന്നാണ് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നത്. 361 ചെക്കുകളിൽ നിന്നുമായിരുന്നു ഈ തുക നഗരസഭാ ബാങ്ക് അക്കൗണ്ടിൽ എത്തേണ്ടത്. നികുതി, ഫീസ് തുടങ്ങി ചെക്കുകളിൽ നിന്നുള്ള പണമാണിത്. ഇതിൽ യാതൊരു വ്യക്തതയും വരുത്താൻ നഗരസഭാ അധികൃതർക്കും കഴിഞ്ഞിട്ടില്ല. അഴിമതി നടത്തിയ ഭരണപക്ഷത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് എൽഡിഎഫ് കൗൺസിലർമാർ.

Leave a Reply

Your email address will not be published. Required fields are marked *