സുരക്ഷ മുൻകരുതൽ; വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും
അതിർത്തിയിൽ സംഘർഷത്തിന് അയവ് വന്നെങ്കിലും സുരക്ഷ മുൻനിർത്തി വിവിധയിടങ്ങളിൽ നിന്നുള്ള ഇന്നത്തെ വിമാന സർവീസുകൾ റദ്ദാക്കി. യർ ഇന്ത്യയും ഇൻഡിഗോയുമനു അവരുടെ ചില വിമാന സർവീസുകൾ റദ്ദാക്കിയത്. ആറ് വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളാണ് റദ്ദാക്കിയത്. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് എയർ ഇന്ത്യ വൃത്തങ്ങൾ അറിയിച്ചു. അതേസമയം, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സർവീസുകൾ റദ്ദാക്കിയതെന്ന് ഇൻഡിഗോ വ്യക്തമാക്കി.
ജമ്മു, അമൃത്സർ, ചണ്ഡീഗഢ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. ജമ്മു, ലേ, ജോധ്പുർ, അമൃത്സർ, ബുജ്, ജാംനഗർ, ചണ്ഡീഗഢ്, രാജ്കോട്ട് സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യയും അറിയിച്ചു.
ലേ, ശ്രീനഗർ, ജമ്മു, ധർമ്മശാല, കാണ്ട്ല, അമൃത്സർ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകൾ അധികം വൈകാതെ തന്നെ പുനരാരംഭിക്കുമെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു. മെയ് 15 മുതൽ അമൃത്സറിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെയുള്ള മറ്റ് വിമാന സർവീസുകൾ പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എയർ ഇന്ത്യയും അറിയിച്ചു.