പൂരപ്പുഴയിൽ അപകടത്തിനിടയാക്കിയ ‘അറ്റ്ലാന്റിക്’ ബോട്ട് ഓടിച്ചിരുന്നത് നിയമങ്ങളും നിയന്ത്രണങ്ങളും ഒന്നും പാലിക്കാതെ

Spread the love

താനൂർ: പൂരപ്പുഴയിൽ അപകടത്തിനിടയാക്കിയ ‘അറ്റ്ലാന്റിക്’ ബോട്ട് ഓടിച്ചിരുന്നത് നിയമങ്ങളും നിയന്ത്രണങ്ങളും ഒന്നും പാലിക്കാതെ. 21 യാത്രക്കാരെവെച്ച് സർവീസ് നടത്താനായിരുന്നു കേരള മാരിടൈം ബോർഡിൽ നിന്ന് അനുമതിതേടിയത്. ഇതിനുപോലും അന്തിമാനുമതി ലഭിച്ചിരുന്നില്ല. അപകടം നടന്ന ഞായറാഴ്ച 37 യാത്രക്കാരും ഡ്രൈവറടക്കം രണ്ടു ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്.മീൻപിടിത്തബോട്ടാണ് യാത്രാബോട്ടാക്കി മാറ്റാൻ ഉടമ അപേക്ഷ നൽകിയിരുന്നത്. ഇതിനുള്ള നിബന്ധനകൾ പാലിച്ചോ എന്നറിയാൻ മാരിടൈം ബോർഡിന്റെ സർവേയർ ആലപ്പുഴയിൽ നിന്നെത്തി പരിശോധന നടത്തിയിരുന്നു. ഇതിൽ ഒട്ടേറെ അപാകത കണ്ടതിനെത്തുടർന്ന് പരിഹരിക്കാൻ നിർദേശം നൽകി.ഇവ പരിഹരിച്ചതായി കാണിച്ച് വീണ്ടും അപേക്ഷ നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ സർവേയർ വീണ്ടും ബോട്ട് പരിശോധിക്കുകയും ചെയ്തു. ഈ പരിശോധനയുടെ ഫലം വരുംമുമ്പ്, കഴിഞ്ഞ മാസം ബോട്ട് സർവീസ് തുടങ്ങി. ആദ്യം അപേക്ഷ നൽകി ഫിറ്റനസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോൾ ലഭിച്ച രജിസ്ട്രേഷൻ നമ്പർ KIV/BPR/99/23 ബോട്ടിന്റെ യഥാർഥ രജിസ്ട്രേഷൻ നമ്പറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഉടമ സർവീസ് ആരംഭിച്ചതെന്ന് മാരിടൈം ബോർഡ് പറയുന്നു.അതേസമയം, ബോട്ടുടമ പി. നാസറിനെ കോഴിക്കോട് ബീച്ചിൽ ആകാശവാണിക്കടുത്തു നിന്ന് താനൂർ പോലീസ് അറസ്റ്റ് ചെയ്തു. ബോട്ടോടിച്ചിരുന്ന താത്കാലിക ഡ്രൈവർ താനൂർ ഒട്ടും പുറത്തെ വാളപ്പുറത്ത് ദിനേശൻ ഒളിവിലാണ്.മീൻപിടിത്ത ബോട്ട് യാത്രാബോട്ടാക്കി മാറ്റുമ്പോൾ വെള്ളത്തിലെ ബാലൻസിങ് അടക്കം ഒട്ടേറെ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. മുകളിലത്തെനിലയിൽ യാത്രക്കാരെ നിൽക്കാൻ അനുവദിക്കാതിരിക്കലാണ് അതിലൊന്ന്. മുകളിലത്തെ നിലയിലെ ഏതാനും യാത്രക്കാർ നൃത്തം ചെയ്തത് ബോട്ട് ചെരിയാനിടയാക്കി. ഉടൻ ബോട്ട് തലകീഴായി മറിഞ്ഞു. സന്ധ്യക്കുമുമ്പ് സർവീസ് അവസാനിപ്പിക്കണമെന്ന നിബന്ധനയും പാലിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *