പരാതികളുടെ കൂമ്പാരമായി നെയ്യാറ്റിൻകര ജനറൽ ആശുപത്രി

Spread the love

നെയ്യാറ്റിൻകര : പരാതികളുടെ കൂമ്പാരമായി നെയ്യാറ്റിൻകര ആശുപത്രി . ഒരു വർഷത്തിനിടെ ഡോക്ടർമാരുടെ ചികിത്സ പിഴവ് മൂലം നിരവധി ജീവനുകൾ പൊലിഞ്ഞു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് പ്രസവത്തിന് ശേഷം യുവതിയെ എസ്.എ.ടി ആശുപത്രിയിലേക്ക് റഫർ ചെയ്തതിനെ യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ബന്ധുക്കൾ പരാതി നൽകി. മുഖ്യമന്ത്രി ഉൾപ്പെടെ അധികാരികൾക്കാണ് ബന്ധുക്കൾ പരാതി നൽകിയിത്. ഏപ്രിൽ അഞ്ചിന് റജിലയെ പ്രസവത്തിനായി കൊണ്ടുവന്നു. അടുത്ത ദിവസം പെൺകുഞ്ഞ് ജനിച്ചു. രക്തസ്രാവം നിലക്കാതായപ്പോൾ എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. ആംബുലൻസിൽ കയറ്റുമ്പോൾ രക്തം നൽകിയെങ്കിലും വഴിമധ്യേ അത് അവസാനിച്ചു. എസ്.എടി ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലെടുത്തില്ലെന്നും റജിലയുടെ വൃക്കകളുടെ പ്രവർത്തനം നിലച്ചുപോയിരുന്നെന്നും വീട്ടുകാർ പറയുന്നു.അതേസമയം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിരവധി പരാതികൾ ഉയർന്നതോടെ ആരോഗ്യവിഭാഗം വിജിലൻസ് സംഘം പരിശോധന നടത്തി. ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിലും ചികിത്സ പിഴവിനെതിരെയും വ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് പരിശോധന നടന്നത്.ഡോക്ടർമാരുടെ അഭാവം മൂലം, അവർ നേരിട്ട് ചെയ്യേണ്ട പല കാര്യങ്ങളും നഴ്സുമാർ ചെയ്യുന്നതായി ആക്ഷേപമുണ്ട്. ഒമ്പത് ഗൈനക്കോളജിസ്റ്റുകളുടെ സേവനം ആവശ്യമുള്ള ആശുപത്രിയിൽ നിലവിലുള്ളത് നാലുപേർ മാത്രമാണ്. ഇവരിലൊരാൾ ചികിത്സാർഥം അവധിയിലാണ്, മറ്റൊരാൾ ഉപരിപഠനത്തിന്‍റെ ഭാഗമായും അവധി‌യെടുത്തിരിക്കുകയാണ്. ദിനവും ആയിരക്കണക്കിന് പേരെത്തുന്ന ആശുപത്രിയിൽ മണിക്കൂറുകളോളം വരിയിൽനിൽക്കണം. 1900ൽ സംസ്ഥാനത്തെ ആദ്യ പി.എച്ച്.സിയായി പ്രവർത്തനം ആരംഭിച്ച ആശുപത്രി രാജഭരണകാലത്ത് സ്ഥാപിതമായതാണ്.

Leave a Reply

Your email address will not be published. Required fields are marked *