സംസ്ഥാനത്തെത്തുന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സന്ദര്‍ശനപരിപാടിയില്‍ അവസാനനിമിഷം മാറ്റംവരുത്തി
തിരുവനന്തപുരം: വ്യാഴാഴ്ച സംസ്ഥാനത്തെത്തുന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സന്ദര്‍ശനപരിപാടിയില്‍ അവസാനനിമിഷം മാറ്റംവരുത്തി. നേരത്തേ തീരുമാനിച്ചതില്‍നിന്നു വ്യത്യസ്തമായി കന്യാകുമാരി സന്ദര്‍ശനവും ഉള്‍പ്പെടുത്തി. ഗവര്‍ണര്‍ നല്‍കുന്ന വിരുന്ന് ഉച്ചയൂണിനുപകരം അത്താഴമാക്കി. നേരത്തേ വ്യാഴാഴ്ച മാത്രമായിരുന്നു തിരുവനന്തപുരത്ത് താമസം. പുതുക്കിയ പരിപാടിപ്രകാരം വ്യാഴം, വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരത്തു താമസിക്കും.നിലവിലെ അറിയിപ്പനുസരിച്ച് രാഷ്ട്രപതിയുടെ സന്ദര്‍ശനപരിപാടി ഇങ്ങനെയാണ്:16-ന് വ്യാഴാഴ്ച 1.35-ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. 2.20-3.00 ഐ.എന്‍.എസ്. വിക്രാന്ത് സന്ദര്‍ശനം. 3.30-ന് നാവികസേനയ്ക്കുള്ള ‘പ്രസിഡന്റ്സ് കളര്‍’ സമ്മാനിക്കല്‍. 6.55-ന് കൊച്ചി വിമാനത്താവളത്തില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും. 7.40-ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങും. ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ താമസം.17-ന് 8.35-ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് കൊല്ലം വള്ളിക്കാവിലുള്ള മാതാ അമൃതാനന്ദമയിമഠത്തിലേക്ക് പോകും. 9.50-ന് മഠം സന്ദര്‍ശനം. മടങ്ങി തിരുവനന്തപുരത്ത് എത്തി 12.10 മുതല്‍ 1.10 വരെ കുടുംബശ്രീയുടെ രചന, പിന്നാക്ക ക്ഷേമവകുപ്പിന്റെ ഉന്നതി എന്നിവയുടെ ഉദ്ഘാടനം, എന്‍ജിനിയറിങ് പുസ്തകങ്ങളുടെ മലയാള പരിഭാഷ പ്രകാശനം എന്നിവ നിര്‍വഹിക്കും. 7.30-ന് ഗവര്‍ണര്‍ നല്‍കുന്ന വിരുന്ന്.18-ന് 8.25-ന് കന്യാകുമാരി വിവേകാനന്ദ സ്മാരകവും തിരുവള്ളുവര്‍ പ്രതിമയും സന്ദര്‍ശിക്കും. മടങ്ങിയെത്തി 1.30-ന് ലക്ഷദ്വീപിലേക്ക് പോകും.