ബാലറ്റ് ലേബലുകളും പോസ്റ്റൽ ബാലറ്റും ഒരുങ്ങുന്നു; ആദ്യബാച്ച് ഏറ്റുവാങ്ങി ജില്ലാ കളക്ടർ
തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള പോസ്റ്റൽ ബാലറ്റുകളും ബാലറ്റ് ലേബലുകളും തയ്യാറാവുന്നു. തിരഞ്ഞെടുപ്പിനായുള്ള ആദ്യ ബാച്ച് ബാലറ്റ് ലേബലുകളും പോസ്റ്റൽ ബാലറ്റുകളും തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി പ്രിന്റിംഗ് ഡയറക്ടർ അമീർ.സി.എയിൽ നിന്ന് ഏറ്റുവാങ്ങി. ഗവൺമെന്റ് സെൻട്രൽ പ്രസ്സിലാണ് തിരഞ്ഞെടുപ്പ് സാമഗ്രികളുടെ ആദ്യബാച്ച് തയ്യാറാക്കിയത്. ഇടുക്കി ജില്ലയിലെ കരിമണ്ണൂർ ഗ്രാമപഞ്ചായത്തിനുള്ള ബാലറ്റ് ലേബലുകളാണ് ആദ്യ ബാച്ചിലുള്ളത്. കരിമണ്ണൂർ റിട്ടേണിംഗ് ഓഫീസർ ജി ആഷ്‌ലി മറിയാമ്മ ജോർജ്ജ് ജില്ലാ കളകടറിൽ നിന്നും ബാലറ്റ് ലേബലുകൾ ഏറ്റുവാങ്ങി. തിരുവനന്തപുരം ജില്ലയിലെ ആദ്യബാച്ച് ബാലറ്റ് ലേബലുകളും പോസ്റ്റൽ ബാലറ്റുകളും മണ്ണന്തല ഗവ പ്രസ് ഡെപ്യൂട്ടി സൂപ്രണ്ട് ജെ യു കൃഷ്ണകുമാറിൽ നിന്നും എ ഡി എം ടി കെ വീനീത് ഏറ്റുവാങ്ങി. ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലേക്കുള്ള ബാലറ്റ് ലേബലുകളാണ് ആദ്യബാച്ചിൽ തയ്യാറാക്കിയത്.ഗവ പ്രസ്സുകളുടെ സൂപ്രണ്ട് ടി വീരാൻ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ സി എസ് സ്മിതാറാണി, ജില്ലാ തിരഞ്ഞെടുപ്പ് പരിശീലന നോഡൽ ഓഫീസർ ആർ സജി, പ്രസ് ജീവനക്കാർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

