ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് കരസ്ഥമാക്കി ,ഡോ. അർജുൻ.ബി.എസ്സ്. പോസ്റ്റ്‌ ഡോക്ടcറൽ ഫെല്ലോഷിപ്പിനായി യു എസ്സിലെ ഹാർവാഡിലേക്ക്

Spread the love

.

തിരുവനന്തപുരം: തീരുവനന്തപുരം, കഴക്കൂട്ടം സ്വദേശിയും ഗവൺമെന്റ് എൻജിനീയറിംഗ് കോളേജ്, ബാർട്ടൺ ഹിൽ മുൻ വിദ്യാർത്ഥിയുമായ ഡോ. അർജുൻ ബി.എസ്. 2025-ലെ പ്രശസ്തമായ ഫുൾബ്രൈറ്റ്-നേഹ്റു പോസ്റ്റ്‌ഡോക്ടറൽ ഫെല്ലോഷിപ്പ് നേടുന്ന പ്രതിഭയായി. ഹാർവാഡിൽ ഗവേഷണത്തിനായി ഉടൻ തന്നെ അമേരിക്കയിലേക്ക് പോകുന്ന അദ്ദേഹം, തന്റെ ഗവേഷണ ജീവിതത്തിലെ മറ്റൊരു നിർണായക നേട്ടമായി ഈ അംഗീകാരത്തെ വിലയിരുത്തുന്നു.

മഹാരാഷ്ട്രയിലെ കോലാപ്പൂർ ആസ്ഥാനമായുള്ള ഡീപ്പ്ടെക് റോബോട്ടിക്സ് & ഓട്ടോമേഷൻ കമ്പനിയായ സാഹസ് ലാബ്‌സ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമാണ് ഡോ. അർജുൻ. 2024-ൽ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്.സി) ൽ നിന്ന് ബയോമെഡിക്കൽ എഞ്ചിനീയറിംഗിൽ പിഎച്ച്ഡി പൂർത്തിയാക്കിയ അദ്ദേഹം, പ്രധാനമന്ത്രി ഗവേഷണ ഫെല്ലോഷിപ്പ് ഈ കാലയളവിൽ നേടിയിട്ടുണ്ട്.
തന്റെ പി.എച്ച്.ഡി ഗവേഷണ വിഷയം, ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയിൽ മാർജിൻ തിരിച്ചറിയുന്നതിനുള്ള മെംമ്സ് സെൻസിംഗ് ആന്റ് സോഫ്റ്റ് റോബോട്ടിക്സ് സാങ്കേതികവിദ്യ ഉപയോഗിച്ച ശസ്ത്രക്രിയാനന്തര റോബോട്ടിക് പ്രോബ് വികസിപ്പിക്കലായിരുന്നു.

ദേശീയ-അന്തർദേശീയ തലങ്ങളിൽ ഇതിനകം തന്നെ ശ്രദ്ധേയനായ ഗവേഷകനായി മാറാൻ ഈ പ്രായത്തിനുള്ളിൽ അർജുനായിട്ടുണ്ട്. 2024-ൽ റഷ്യയിലെ സോച്ചിയിൽ വച്ചു നടന്ന 9-ാമത് ബ്രിക്സ്‌ യംഗ് സയന്റിസ്റ്റ് ഫോറത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. അലർജി രോഗികൾക്കായി രൂപകൽപ്പന ചെയ്ത എപ്പിഷോട്ട് എന്ന എപിനെഫ്രിൻ ഇഞ്ചക്ഷൻ ഉപകരണം മൂലം അദ്ദേഹം ജെയിംസ് ഡെയ്സൺ അവാർഡിന്റെ ദേശീയ ജേതാവായി. കൂടാതെ ബിരാക് ഗെയ്റ്റി 2021 , സൺ ഫാർമ യംഗ് സയന്റിസ്റ്റ് 2022പുരസ്കാരങ്ങളും കരസ്ഥമാക്കി. പത്തിലധികം പേറ്റന്റുകളും അന്തർദേശീയ പ്രസിദ്ധീകരണങ്ങളും അർജുന്റെ പേരിലുണ്ട്.

വിക്രം സാരാഭായി സ്പേസ് സെന്റർ സെൻട്രൽ സ്കൂളിലെ മുൻ വിദ്യാർത്ഥിയായ ഡോ. അർജുൻ, കഴക്കൂട്ടം, കൈരളിനഗർ, ശിവപഞ്ചമിയിൽ വി.എസ്.എസ്.സിയിലെ എഞ്ചിനീയറായ സുനിൽകുമാറിന്റേയും, കണിയാപുരം ഗവ.യു.പി.സ്കൂൾ അധ്യാപികയായ ബിന്ദു ടീച്ചറുടേയും മകനാണ്. ഭാര്യ പിന്നണി ഗായിക കൂടിയായ ഡോ. പാർവ്വതി ജയദേവൻ. ഒരുമിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയെന്ന പ്രത്യേകതയും ഇവർക്കുണ്ട്. സഹോദരി ആർദ്ര എസ്. പാർവ്വതി കോഴിക്കോട് മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർഥിനിയാണ്.

Leave a Reply

Your email address will not be published. Required fields are marked *