ആഗ്രഹം നിറവേറ്റി: കുഞ്ഞ് രക്ഷിതിന് മന്ത്രി തന്നെ ആദ്യാക്ഷരം കുറിച്ചു

Spread the love

പത്തനംതിട്ട ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ വച്ച് രാജേഷ്-രേഷ്മ ദമ്പതികളുടെ മകന്‍ രക്ഷിതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദ്യാക്ഷരം കുറിച്ചു. മന്ത്രി തന്നെ ആദ്യാക്ഷരം കുറിയ്ക്കാനായി തിരുവനന്തപുരത്ത് നിന്നാണ് ഇവര്‍ അതിരാവിലെ പത്തനംതിട്ടയില്‍ എത്തിയത്.മന്ത്രി തന്നെ രക്ഷിതിന് ആദ്യാക്ഷരം കുറിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് അച്ഛന്‍ രാജേഷും അമ്മ രേഷ്മയും പറഞ്ഞു. അമ്മയുടെ വാക്കുകള്‍ ഇങ്ങനെ ‘കുഞ്ഞ് ആറാം മാസത്തില്‍ ജനിച്ചതാണ്. 770 ഗ്രാം തൂക്കവുമായി ജനിച്ച കുഞ്ഞിനെ തിരുവനന്തപുരം എസ്എടി ആശുപത്രി രക്ഷിച്ചെടുത്തിരുന്നു. കുഞ്ഞ് 5 മാസത്തോളം എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്നു. ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും താനും കുഞ്ഞും രക്ഷപ്പെടില്ലെന്ന് പറഞ്ഞ് അത്യാസന്ന നിലയിലാണ് സാഹചര്യത്തിലാണ് എസ്.എ.ടി.യിലെത്തിയത്. അവിടെ നിന്നാണ് കുഞ്ഞിനെ രക്ഷിച്ചെടുത്തത്.”കുഞ്ഞ് 2 മാസത്തോളം വെന്റിലേറ്ററിലായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പത്ത്-ഇരുപത് ലക്ഷത്തോളം ചെലവുവരുന്നതാണ്. മൂന്ന് ദിവസത്തിലേറെ ജീവിക്കില്ല എന്ന് പറഞ്ഞ കുഞ്ഞാണ്. 5 മാസം നമ്മുടെ ആരോഗ്യ വകുപ്പിന്റെ കൈയ്യില്‍ ആയത് കൊണ്ടാണ് 770 ഗ്രാമില്‍ നിന്ന് ഇപ്പോള്‍ രണ്ടര വയസുള്ള 10 കിലോഗ്രാം തൂക്കമുള്ള മിടുക്കന്‍ മോനായി ഞങ്ങളുടെ കൈയ്യില്‍ ഇരിക്കുന്നത്. എസ്.എ.ടി.യിലെ നവജാതശിശു വാരാചരണത്തില്‍ പങ്കെടുത്തിരുന്നു. അവിടെ വച്ച് വീണ മാഡത്തെ കാണാനും പരിചയപ്പെടാനും സാധിച്ചു. അന്ന് മാഡം മോനെ എടുത്തിരുന്നു. ഞങ്ങളുടെ ഒരാഗ്രഹമായിരുന്നു കുഞ്ഞിനെ എഴുതിപ്പിക്കുമ്പോള്‍ വീണ മാഡം തന്നെ എഴുതിപ്പിക്കണമെന്ന്. ആ ആഗ്രഹം സാധിച്ചതില്‍ ഏറെ സന്തോഷം ഉണ്ട്’ രേഷ്മ പറഞ്ഞു.’കുഞ്ഞ് രക്ഷിതിനെ ആദ്യാക്ഷരം എഴുതിക്കാന്‍ കഴിഞ്ഞതില്‍ ഹൃദയം നിറഞ്ഞ സന്തോഷം, സ്‌നേഹം’ എന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *