തണുപ്പകറ്റാന്‍ ഒറ്റമുറി വീടിനുള്ളില്‍ തീകത്തിച്ചത് നാലംഗകുടുംബത്തിന്റെ ജീവനെടുത്തു
തണുപ്പകറ്റാന്‍ ഒറ്റമുറി വീടിനുള്ളില്‍ തീകത്തിച്ചത് നാലംഗകുടുംബത്തിന്റെ ജീവനെടുത്തു. മുറിക്കുള്ളില്‍ പുക നിറഞ്ഞതിനെ തുടര്‍ന്ന് ഉറങ്ങിക്കിടന്നവര്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. ഞായറാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കര്‍ണാടകയില്‍ ബംഗളുരു റൂറല്‍ ജില്ലയിലെ പൗള്‍ട്രി ഫാമില്‍ ജോലിക്കെത്തിയ പശ്ചിമബംഗാള്‍ സ്വദേശികളാണ് മരിച്ചത്. കാലി സരികി(60), ലക്ഷ്മി സരികി(50), ഉഷാ സരികി(40), പൂള്‍ സരികി(16)എന്നിവരാണ് മരിച്ചത്. 10 ദിവസം മുമ്പാണ് ഇവര്‍ കുടുംബസമേതം പൗള്‍ട്രി ഫാമില്‍ ജോലിക്കെത്തിയത്.ശനിയാഴ്ച പ്രദേശത്ത് നല്ല മഴ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ തണുപ്പിനെ മറികടക്കാനാണ് കനല്‍ പാത്രത്തിലാക്ക് മുറിയില്‍ സൂക്ഷിച്ചത്. കൊതുകിനെ തുരത്താനും ഇലകളും ഇതില്‍ ഇട്ടിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്.വീട്ടുകാരെ ഫോണില്‍ വിളിച്ച് ആരും പ്രതികരിക്കുന്നില്ലെന്ന പരാതിയുമായി സമീപഗ്രാമത്തില്‍ ജോലി ചെയ്യുന്ന കാലിയുടെ മകള്‍ പൊലീസിനെ സമീപിച്ചതോടെയാണ് കൂട്ടമരണം പുറത്തറിയുന്നത്. വിവരമറിയാന്‍ മകള്‍ പൗള്‍ട്രിഫാമില്‍ എത്തിയപ്പോള്‍ മുറിയുടെ അടച്ചിട്ട ജനാലയിലൂടെ പുക പുറത്തേക്ക് വരുന്നതു കണ്ടു. പൊലീസ് എത്തുമ്പോള്‍ മുറി അകത്തുനിന്ന് പൂട്ടിയിട്ട നിലയിലായിരുന്നു.ചവിട്ടിതുറന്നുനോക്കിയപ്പോള്‍ പുക നിറഞ്ഞ മുറിക്കുള്ളില്‍ നാലുമൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ശ്വാസംമുട്ടിയാണ് മരണമെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് കിട്ടിയാലേ കൂടുതല്‍ വ്യക്തത വരുവെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.